ലണ്ടന്‍: മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ഹാരി രാജകുമാരന്റെയും മെഗാന്‍ മാര്‍ക്കലിന്റെയും വിവാഹത്തിനു മുന്നോടിയായി തെരുവുകളില്‍ നിന്ന് യാചകരെ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന് വിന്‍ഡ്‌സര്‍ ആന്‍ഡ് മെയ്ഡന്‍ഹെഡ് റോയല്‍ ബോറോ നേതൃത്വം. വിന്‍ഡ്‌സര്‍ കാസില്‍, ഏറ്റണ്‍ കോളേജ്, ആസ്‌കോട്ട് റേസ് കോഴ്‌സ് എന്നിവ ഈ ബോറോയിലാണ് ഉള്ളത്. തെരുവുകളില്‍ കഴിയുന്നവരെ നീക്കം ചെയ്യണമെന്ന് തെംസ് വാലി പോലീസിനോടാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് കൗണ്‍സില്‍ ഭരിക്കുന്നത്.
ഭിക്ഷ യാചിക്കുന്നവരെയും ജനങ്ങളെ ഭയപ്പെടുത്തുന്നവരെയും ഉള്‍പ്പെടെ നീക്കം ചെയ്യണമെന്നാണ് കൗണ്‍സില്‍ അധ്യക്ഷന്‍ സൈമണ്‍ ഡൂഡ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. വിന്‍ഡ്‌സറില്‍ ജനങ്ങള്‍ തെരുവുകളില്‍ അഭയം തേടുന്നതും അലഞ്ഞു തിരിയുന്നതും ഒരു പകര്‍ച്ചവ്യാധിയായി മാറിയിരിക്കുകയാണെന്നായിരുന്നു ക്രിസ്തുമസ് സമയത്തി ഡൂഡ്‌ലി ട്വീറ്റ് ചെയ്തത്. കൗണ്‍സിലിലെ ജനങ്ങള്‍ക്കും 6 മില്യനോളം വരുന്ന ടൂറിസ്റ്റുകള്‍ക്കും ഇവര്‍ ശല്യമുണ്ടാക്കുകയാണെന്നും ഡൂഡ്‌ലി പറയുന്നു.
അലഞ്ഞുതിരിയുന്നവരെ പിടികൂടാനുള്ള 1824ലെ വാഗ്രന്‍സി ആക്ട് ഉപയോഗിക്കാനാണ് നിര്‍ദേശം. എന്നാല്‍ തനിക്ക് നേരിട്ട് അയക്കുന്നതിന് പകരം കത്ത് പരസ്യപ്പെടുത്തിയത് ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു തെംസ് വാലി പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ ആന്തണി സ്റ്റാന്‍സ്‌ഫെല്‍ഡ് പറഞ്ഞത്. വാഗ്രന്‍സി ആക്ട് മനുഷ്യത്വ രഹിതമാണെന്നായിരുന്നു വിന്‍ഡ്‌സര്‍ ഹോംലെസ്‌നസ് പ്രോജക്ടിലെ മര്‍ഫി ജെയിംസ് അഭിപ്രായപ്പെട്ടത്.
Leave a Reply