വാണാക്രൈ സൈബര്‍ ആക്രമണത്തിന്റെ ഉറവിടം ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയെന്ന് സംശയം. ലോകത്തുടനീളമായി 150 രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെ തകര്‍ത്ത മാല്‍വേറിന്റെ ചില ആദ്യകാല പതിപ്പുകള്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ ഹാക്കര്‍മാരായ ലാസാറസിന്റെ സൃഷ്ടിയാണെന്ന സംശയത്തിനാസ്പദമായ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്.
ഹാക്കര്‍മാരുടെ വെബ്‌സൈറ്റില്‍ വാണാക്രൈയുടെ ആദ്യ കാല പതിപ്പുകള്‍ എന്ന് സംശയിക്കുന്ന ചില മാല്‍വേയറുകളുടെ ലിങ്കുകള്‍ കണ്ടെത്തിയതാണ് സംശയത്തിന് കാരണം. കാസ്പര്‍സ്‌ക്കി, സൈമാടെക്ക് ലാബ് ഗവേഷകരാണ് റാന്‍സംവേറുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തിയത്. 2015 ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തില്‍ ഉപയോഗിച്ചതിന് സമാനമായ ചില കോഡുകള്‍ പുതിയ ആക്രമണത്തില്‍ കണ്ടെത്തുകയായിരുന്നു. വാണാക്രൈയുടെ ആദ്യകാല പതിപ്പാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബംഗാളിലും വാണാക്രൈ ആക്രമണം സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നില്‍ അമേരിക്ക ആണെന്ന് റഷ്യ ആരോപിച്ചു. ഈ സാമ്യത ആദ്യം കണ്ടെത്തിയത് ഗൂഗിള്‍ സെക്യുരിറ്റി ഗവേഷകനായ നീല്‍ മേത്തയാണ്. ഇതിനോട് പിന്നീട് പരിശോധിച്ച വിദഗ്ദ്ധരും ചേരുകയായിരുന്നു. ലാസാറസ് അന്ന് ഉപയോഗിച്ച കോഡുകള്‍ പുതിയ ആക്രമണത്തിലും ഉപയോഗിക്കപ്പെട്ടതായിരിക്കാമെന്നും പറയുന്നുണ്ട്.
ആശുപത്രികള്‍ സര്‍ക്കാര്‍, ബിസിനസ് സ്ഥാപനങ്ങളിലായി ലോകത്ത് രണ്ടു ലക്ഷത്തിലധികം കമ്പ്യുട്ടറുകളാണ് വാണാക്രൈ നശിപ്പിച്ചത്. ജര്‍മ്മനി, ബ്രിട്ടന്‍, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലെല്ലാം വന്‍ ആക്രമണമാണ് നടന്നത്. ജര്‍മ്മനിയില്‍ റെയില്‍വേ സംവിധാനത്തെ ബാധിച്ചപ്പോള്‍ ചൈനയില്‍ 29,372 സ്‌കൂളുകളിലെ കമ്പ്യുട്ടറുകളാണ് പ്രവര്‍ത്തന രഹിതമായത്. ജപ്പാനിലെ 600 കേന്ദ്രങ്ങളില്‍ 2000 കമ്പ്യൂട്ടറുകള്‍ നിശ്ചലമായി. നിസാനും ഹിറ്റാച്ചിക്കും തിരിച്ചടിയേറ്റു. ചൈനയില്‍ 15 ശതമാനം ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസുകള്‍ ആക്രമണത്തിനിരയായി. ഫ്രാന്‍സില്‍ റിയോ ഫാക്ടറികളിലെ കമ്പ്യുട്ടറുകളും റഷ്യന്‍ ആഭ്യന്തരമന്ത്രാലയത്തിലെ കമ്പ്യൂട്ടറുകളും പ്രവര്‍ത്തനരഹിതമായി.
Leave a Reply