ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ രണ്ട് നേഴ്‌സറികളിൽ 21 ശിശുക്കളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ 22കാരിയായ നേഴ്സറി സ്കൂൾ ടീച്ചർ റോക്സാന ലെക്കയ്ക്ക്കിന് എട്ട് വർഷം തടവ് ശിക്ഷ വിധിച്ചു. കുഞ്ഞുങ്ങളെ പിടിച്ചു ഞെക്കുകയും, തല കിടക്കയിൽ ഇടിക്കുകയും, ഒരു ബാലന്റെ മുഖത്ത് പലതവണ ചവിട്ടുകയും ചെയ്തതടക്കമുള്ള ‘സാഡിസ്റ്റിക്’ രീതിയിലുള്ള ആക്രമണങ്ങൾക്കാണ് കോടതി കുറ്റക്കാരിയാക്കിയിരിക്കുന്നത്.
ട്വിക്കൻഹാമിലെ മോണ്ടിസോറി റിവർസൈഡ് നേഴ്‌സറിയിലായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളും നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടികളെ പതിവായി ഞെക്കുന്നതും തള്ളുന്നതും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. സംഭവങ്ങളുടെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ മാതാപിതാക്കളും ജൂറിയംഗങ്ങളും കരഞ്ഞതായുള്ള റിപ്പോർട്ടുകളും മാധ്യമങ്ങൾ വർത്തയാക്കിയിരുന്നു.
കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കെ ക്രൂരത കാട്ടിയ പ്രതിയുടെ പ്രവൃത്തിയെ ജഡ്ജി ‘സാഡിസ്റ്റിക്’ എന്ന് വിശേഷിപ്പിച്ചു. രക്ഷിതാക്കൾ സംഭവത്തെ കുറിച്ച് “ഭീകരം” എന്നും “മനുഷ്യരാശിയിലെ ഏറ്റവും മോശം പ്രവൃത്തി” എന്നും ആണ് പറഞ്ഞത് . രക്ഷിതാക്കളുടെ വിശ്വാസത്തെ പൂർണ്ണമായും വഞ്ചിച്ച പ്രതി ശിശുക്കളുടെ സുരക്ഷയെയും അപകടത്തിലാക്കിയെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വ്യക്തമാക്കി. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള നീതി ഉറപ്പാക്കാൻ ശക്തമായ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Leave a Reply