ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഞ്ചാവ് അടങ്ങിയ മിഠായി ഓർഡർ ചെയ്തു കഴിച്ച ഇരുപത്തിമൂന്നുകാരി മരണപ്പെട്ടു. മരണപ്പെട്ട യുവതിയും സുഹൃത്തും ചേർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ഇൽഫോഡിലെ വീട്ടിലേക്ക് കഞ്ചാവ് നിറഞ്ഞ സ്വീറ്റ്‌സ് ഓർഡർ ചെയ്തത്. ഓരോന്നുവീതം കഴിച്ചപ്പോൾ തന്നെ ഇരുവർക്കും ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയതായാണ് റിപ്പോർട്ട്. ഉടൻതന്നെ ഇരുവരെയും ഈസ്റ്റ് ലണ്ടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ശനിയാഴ്ച യോടെ ഒരാൾ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ചികിത്സകൾക്ക് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇത്തരത്തിൽ നിരവധി പേർക്ക് കഞ്ചാവ് അടങ്ങിയ പലഹാരങ്ങൾ നൽകിയതായി സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കൽ കണക്കിൽ കൂടുതൽ പണവും അതോടൊപ്പം തന്നെ മധുരപലഹാരങ്ങളും കണ്ടെത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണപ്പെട്ട യുവതിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ കൂടുതൽ വ്യക്തമാക്കാൻ ആകൂ എന്നാണ് പോലീസ് നൽകുന്ന വിവരം. ഇത്തരത്തിലുള്ള മിഠായി വാങ്ങിക്കഴിക്കുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ പേര് വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. സംഭവത്തോട് അനുബന്ധിച്ച് മുപ്പത്തിയേഴുകാരനായ ലിയോൺ ബ്രൗണിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ ബാർക്കിങ്സൈഡ് മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച ഹാജരാക്കി. മരണപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ നിന്നും ലഭിച്ചിട്ടുള്ള മിഠായികളും വിവിധ തരത്തിലുള്ള ടെസ്റ്റുകൾക്ക് വിധേയമാക്കും എന്ന് പോലീസ് അറിയിച്ചു.

ഇത്തരത്തിലുള്ള ഡ്രഗ് ഡീലർമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് പോലീസ് അധികൃതർ നൽകുന്ന വിവരം. ഇത്തരം സാധനങ്ങൾ വിൽക്കുന്നവരുടെ വിവരങ്ങൾ ലഭിക്കുന്നവർ ഉടൻതന്നെ പോലീസിൽ അറിയിക്കണമെന്നും നിർദേശം നൽകി കഴിഞ്ഞു.