ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- നോട്ടിങ്ഹാമിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നും ഒന്നും വയസ്സുള്ള രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടു. കുട്ടികളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ ക്ലിഫ്‌ടണിലെ ഫെയർലിസ്‌ലെ ക്ലോസിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് കുട്ടികൾ മരണപ്പെട്ടത്. ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് അറിയിച്ചു. ക്ലിഫ്‌ടണിൽ നിന്നുള്ള 31 കാരനായ ഒരാളെ കൊലക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകശ്രമമാണോയെന്ന സംശയത്തിൽ ഇയാളെയും ചോദ്യം ചെയ്തുവരികയാണ്. ഏകദേശം 4 മണിയോടെ തീ അണയ്ക്കുവാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് നിലകളുള്ള ഫ്‌ളാറ്റിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ തീയണയ്ക്കുന്ന സമയത്ത് സമീപത്തെ വീടുകളിൽ നിന്ന് താൽക്കാലികമായി ഒഴിപ്പിച്ചു.


ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് അന്വേഷണം നടത്തുകയാണ്. പോലീസും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ തീപിടിത്തം ആസൂത്രിതമായി ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ 30 വയസ്സുള്ള ഒരു യുവതിക്കും ഗുരുതരമായി പരിക്കേറ്റു. ഇവരുടെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശവാസികളെ നടുക്കിയ ഒരു സംഭവമാണ് ഇവിടെ അരങ്ങേറിയതെന്ന് തീപിടുത്തത്തിന് ശേഷം കമ്മ്യൂണിറ്റിയിൽ പട്രോളിംഗിന് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ബെൻ ലോറൻസ് പറഞ്ഞു. അന്വേഷണങ്ങൾ പ്രാഥമിക ഘട്ടത്തിൽ തന്നെ തുടരുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ അധികൃതരുമായി ബന്ധപ്പെടണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.