ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എക്സ്ബോക്സ് ഗെയിമിംഗിലൂടെ പരിചയപ്പെട്ട കൗമാരക്കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച 31 കാരിയായ യുവതിക്ക് ജയിൽശിക്ഷ. എസ്സെക്കെസിൽ നിന്നുള്ള കെൽസി നേവ് എന്ന യുവതിക്കാണ് ഇത്തരത്തിൽ ശിക്ഷ ലഭിച്ചത്. 2019 ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ പരിചയപ്പെട്ട കുട്ടിയുമായി ഇവർ ലൈംഗിക കാര്യങ്ങൾ സംസാരിക്കുകയും, കുട്ടിയെ ഇതിലേക്ക് നയിക്കുകയും ചെയ്തു. തുടക്കത്തിൽ ഗെയിമിങ് ആപ്പിലൂടെ തുടങ്ങിയ പരിചയം, പിന്നീട് വാട്സാപ്പ് ചാറ്റിങ്ങിൽ എത്തി. കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായ സംശയത്തിൽ നിന്നാണ് യുവതിയുടെ ചാറ്റും മറ്റും കണ്ടുപിടിക്കുന്നത്.

ജന്മദിനത്തിന് ഈ കുട്ടിക്ക് ആശംസകൾ അറിയിച്ചു കെൽസി കാർഡ് അയച്ചതായും കുട്ടിയുടെ മാതാവ് വ്യക്തമാക്കുന്നു. കുടുംബത്തോടൊപ്പം ടൂർ പോയ സമയത്തും, തന്റെ മകൻ വളരെയധികം സമയം ഫോണിൽ ചിലവഴിക്കുന്നതാണ് മാതാവിന് സംശയത്തിന് ഇടയാക്കിയത്. തന്റെ മകൻ ഇവർക്കായി ഒരു മോതിരം വാങ്ങിയതായും മാതാവ് വ്യക്തമാക്കുന്നു. പിന്നീട് ഈ ബന്ധം നിർത്തുവാൻ ഇരുവരോടും ആവശ്യപ്പെടുകയായിരുന്നു. ജനുവരി 2020 ലാണ് കെൽസിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരും തമ്മിൽ നിരവധി തവണ ലൈംഗികമായ സംഭാഷണങ്ങൾ നടന്നതായി പൊലീസ് കണ്ടെത്തി. തന്റെ കുടുംബജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് യുവതിയെ ഇത്തരത്തിൽ മറ്റ് ബന്ധങ്ങളിലേക്ക് നയിച്ചതെന്ന് പോലീസ് വിലയിരുത്തുന്നു. ഒരു വർഷവും 7 മാസവുമാണ് യുവതിക്ക് കോടതി ജയിൽ ശിക്ഷ വിധിച്ചത്.