ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ കേന്ദ്രഭാഗത്ത് ഞായറാഴ്ച പുലർച്ചെ കാർ കാൽനടക്കാരെ ഇടിച്ച സംഭവത്തിൽ ഒരു യുവതിക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തി കേസ് എടുത്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. വെസ്റ്റ്മിൻസ്റ്ററിലെ ആർഗൈൽ സ്ട്രീറ്റിൽ രാവിലെ 4.30ഓടെ നടന്ന അപകടത്തിൽ 30 വയസ്സുള്ള ഒരു സ്ത്രീ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ആണ് . 50 വയസ്സുള്ള ഒരാൾക്ക് ഗുരുതര പരിക്കുകളും, മറ്റൊരു സ്ത്രീക്ക് നിസാര പരിക്കുകളും സംഭവിച്ചതായി പൊലീസ് അറിയിച്ചു.

മാഞ്ചസ്റ്ററിലെ ബ്രോഡ്ഫീൽഡ് റോഡിൽ താമസിക്കുന്ന 29-കാരിയായ ഗബ്രിയേൽ കാരിങ്ടണിനെതിരെ കൊലപാതകശ്രമം, ഗുരുതര പരിക്കേൽപ്പിക്കൽ, ശരീരപീഡനം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൂടാതെ അപകടകരമായ ഡ്രൈവിംഗിനും കേസെടുത്തതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്; ചൊവ്വാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ സംഭവം ഭീകരാക്രമണവുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലണ്ടൻ പാലേഡിയം തിയേറ്റർ സ്ഥിതി ചെയ്യുന്ന സോഹോ മേഖലയിലാണ് സംഭവം നടന്നത്. കേസിൽ നടപടികൾ പുരോഗമിക്കുന്നതിനാൽ കേസിനെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.











Leave a Reply