കഞ്ചാവ് എണ്ണ ഉപയോഗിച്ചതോടെ ശ്വാസകോശ കാന്‍സറിന് ആശ്വാസമുണ്ടെന്ന അവകാശവാദവുമായി 80കാരി രംഗത്ത്. പരിശോധനയില്‍ ഇവരുടെ ശ്വാസകോശത്തിലെ ട്യൂമര്‍ ചുരുങ്ങിയതായി കണ്ടെത്തിയെന്നും ബിഎംജെ കേസ് റിപ്പോര്‍ട്ട്സ് എന്ന ജേര്‍ണലില്‍ പറയുന്നു. കഞ്ചാവുചെടിയില്‍ നിന്ന് നിര്‍മിക്കുന്ന എണ്ണ (സിബിഡി) ഉപയോഗിച്ചാണ് ഇവര്‍ സ്വയം ചികിത്സ നടത്തിയതെന്നാണ് അവകാശവാദം.
യുകെയിലെ വാറ്റ്ഫോഡ് ജനറല്‍ ആശുപത്രിയിലെ റെസ്പിരേറ്ററി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് 80കാരിയുടെ അനുഭവം ഗവേഷണ പ്രബദ്ധത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2018ല്‍ കാന്‍സര്‍ കണ്ടെത്തുമ്പോള്‍ ശ്വാസകോശത്തില്‍ 41 മില്ലീമീറ്റര്‍ വലിപ്പമുള്ള മുഴയായിരുന്നു. എന്നാല്‍ 2021 ഫെബ്രുവരി ആയപ്പോഴേക്കും 10 മില്ലീമീറ്റര്‍ ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അവര്‍ സ്ഥിരമായി പുകവലിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു. നേരിയ തോതില്‍ ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പള്‍മോണറി ഡിസീസ് അഥവാ സിപിഓഡിയും, മുട്ടിന് തേയ്മാനവും, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും അവര്‍ക്ക് ഉണ്ടായിരുന്നു. പോരാത്തതിന് ഇവര്‍ പലതരത്തിലുള്ള മരുന്നുകളും കഴിക്കുന്നുണ്ടായിരുന്നു.
അവരില്‍ കണ്ടെത്തിയ അര്‍ബുദ മുഴ മറ്റ് സ്ഥലങ്ങളിലേക്ക് ഒട്ടും വ്യാപിച്ചിരുന്നില്ല. അതിനാല്‍ തന്നെ ശസ്ത്രക്രിയയോ കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയ ചികിത്സകളോ ചെയ്യുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാല്‍, തന്റെ യഥാര്‍ത്ഥ രോഗാവസ്ഥ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മുത്തശ്ശി ഈ ചികിത്സകളെല്ലാം നിരാകരിച്ചു.
തുടര്‍ന്ന് സിബിഡി എണ്ണ ഉപയോഗിച്ച് സ്വയം ചികിത്സ ആരംഭിച്ചു ആദ്യമൊക്കെ ദിവസം മൂന്നു നേരം 0.5 മില്ലി ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2018 ഓഗസ്റ്റില്‍ ഒരു ബന്ധുവിന്റെ ഉപദേശത്തെ തുടര്‍ന്ന് ചില ദിവസങ്ങളില്‍ രണ്ട് നേരം വീതവും ഉപയോഗിച്ച് തുടങ്ങി.
സിബിഡി എണ്ണ കഴിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ചൂടുള്ള ഭക്ഷണവും പാനീയങ്ങളും കഴിക്കരുതെന്ന് എണ്ണയുടെ വിതരണക്കാരന് നിര്‍ദ്ദേശിച്ചിരുന്നു എന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. എണ്ണ കഴിച്ച് തുടങ്ങിയപ്പോള്‍ തനിക്ക് വിശപ്പ് കുറഞ്ഞതായി ചൂണ്ടിക്കാട്ടിയ ഇവര്‍ മറ്റ് ‘പാര്‍ശ്വഫലങ്ങള്‍’ ഒന്നും ഉണ്ടായിരുന്നില്ല എന്നും വ്യക്തമാക്കി. അവര്‍ക്കായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്ന മരുന്നുകളിലും, ഭക്ഷണശൈലിയിലും, ജീവിതശൈലിയിലും മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ അവര്‍ വരുത്തിയിരുന്നില്ല. അവര്‍ തന്റെ പുകവലി തുടരുകയും ചെയ്തു.
ഇതുവരെ ഇതിന് സമാനമായ ഒരു കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു എന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നു. കൂടാതെ സിബിഡി എണ്ണയിലെ ഏത് ചേരുവയാണ് അര്‍ബുദം കുറയ്ക്കാന്‍ സഹായകമായതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ‘സിബിഡി എണ്ണ മൂലമാണ് അര്‍ബുദത്തിന് കുറവ് വന്നതെന്ന് തോന്നാന്‍ കാരണങ്ങളുണ്ടെങ്കിലും അതു തന്നെയാണ് യഥാര്‍ത്ഥ കാരണമെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല’ എന്നും അവര്‍ ചൂണ്ടിക്കാട്ടി.അതേസമയം ഇതേ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ പറയുന്നു.
Leave a Reply