ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടാനെത്തിയ സ്ത്രീകളുടെ മാല മോഷ്ടിച്ചു. പൊങ്കാലയിടാനെത്തിയ പലര്‍ക്കും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ രണ്ടു പവന് വീതം വരുന്ന സ്വര്‍ണ മാല കവര്‍ന്നതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ പൊങ്കാല ചടങ്ങുകളുടെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് സ്ത്രീകളുടെ മാല മോഷണം പോയിരിക്കുന്നത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴവങ്ങാടിയില്‍ പൊങ്കാല ഒരുക്കങ്ങള്‍ നടക്കുന്നതിടയിലാണ് രമയുടെ മാല മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് വെച്ചാണ് മനോറാണിയുടെ മാല നഷ്ടമായത്.
ഉത്സവ പറമ്പുകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ലക്ഷ്യവെച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ നിരവധിയാണ്. ശബരി മലയില്‍ ഇത്തരം മോഷണ സംഘങ്ങള്‍ ആളുകളുടെ പണവും ആഭരണങ്ങളും കവരുന്നത് നിത്യ സംഭവമാണ്. ഇത്തരം സംഘങ്ങള്‍ ആറ്റുകാല്‍ പൊങ്കാലെയ്ക്ക് എത്തിയിട്ടുണ്ടോയെന്ന് പോലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Leave a Reply