ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആഡംബര കപ്പലിൽ നിന്ന് കടലിൽ വീണ് ബ്രിട്ടീഷുകാരിയായ യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . എംഎസ്‌സി വിർച്വോസ എന്ന കപ്പലിലാണ് അപകടം ഉണ്ടായത്. ചാനൽ ഐലൻഡിനു സമീപം കപ്പലിൽ നിന്ന് കടലിൽ വീണാണ് അപകടം ഉണ്ടായത് എന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്. 20 വയസ്സുകാരിയായ യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കപ്പലിൽ നിന്ന് സഹായാഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് ഫ്രഞ്ച് നാവികസേനയുടേത് ഉൾപ്പെടെ ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. ഗൗറിയിൽ നിന്നുള്ള ഒരു ഓഫ്‌ഷോർ റെസ്‌ക്യൂ വെസലും അൽഡെർനിയിൽ നിന്നുള്ള ആർഎൻഎൽഐ ലൈഫ് ബോട്ടും ചാനൽ ഐലൻഡ്‌സ് എയർ സെർച്ച് വിമാനവും തിരച്ചിലിനെ പിന്തുണ നൽകി. ഒരാൾ കടലിൽ പോയതായി സൂചന നൽകാൻ മൂന്നുതവണ കപ്പലിൽ അലാറം മുഴങ്ങിയതായി ഒരു യാത്രക്കാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്നലെ കപ്പൽ സതംപ്ടണിലേയ്ക്ക് പോകുമ്പോൾ ആണ് അപകടം നടന്നത്. 6,334 യാത്രക്കാർക്കും 1,704 ജോലിക്കാർക്കും താമസ സൗകര്യമുള്ള ക്രൂയിസ് കപ്പലിന് 331 മീറ്റർ (1,086 അടി) നീളവും 43 മീറ്റർ (141 അടി) വീതിയുമാണുള്ളത്. 19 ഡെക്കുകൾ ഉയരമുള്ള കപ്പൽ 2020 ൽ ഫ്രാൻസിലാണ് നിർമ്മിച്ചത്.
Leave a Reply