ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി എൻഎച്ച്എസിന് കൂടുതൽ പ്രതിസന്ധിയിലാക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു . 2025 ഓടെ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 12 ദശലക്ഷമായി വർദ്ധിക്കുമെന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് കോവിഡ് അതിവ്യാപനമാണ് എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കുന്നതിൻെറ മുഖ്യകാരണം. പുതിയ വേരിയന്റായ ഒമൈക്രോണിൻെറ വ്യാപനം പ്രവചനാതീതം ആകുമെന്ന ആശങ്ക ആരോഗ്യവിദഗ്ധർക്കുണ്ട്.

നാഷണൽ ഓഡിറ്റ് ഓഫീസ് പകർച്ചവ്യാധിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജനങ്ങൾ അവർക്ക് ലഭിക്കേണ്ട പരിഗണന ലഭിച്ചില്ലെന്ന കുറ്റപ്പെടുത്തൽ നടത്തിയിരുന്നു. നിലവിൽ തന്നെ എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് 5.8 ദശലക്ഷമാണ് . എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഇത്രയും ഉയരുന്നത് ചരിത്രത്തിലാദ്യമാണ്. 2025 ഓടെ ഇത് ഇരട്ടിയാകുന്നതോടെ രാജ്യത്തെ അഞ്ചിലൊരാൾ എൻഎച്ച് എസ് കാത്തിരിപ്പു പട്ടികയിൽ ഉൾപ്പെടുമെന്ന ഗുരുതര പ്രതിസന്ധിയെയാണ് രാജ്യം നേരിടേണ്ടി വരുന്നത്. നാഷണൽ ഇൻഷുറൻസ് പെയ്മെന്റുകൾ 1.25% ഉയർത്തിയ പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ നടപടിയും എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയരുന്നത് തടയാൻ അപര്യാപ്തമാണെന്ന അഭിപ്രായവും ശക്തമാണ്.