വിവാഹം കഴിഞ്ഞ് ഒന്‍പതു വർഷങ്ങൾക്കു ശേഷമാണ് നിർമാതാവായ നിധി പർമർ ഹിരനന്ദിനിക്കും ഭർത്താവ് തുഷാറിനും കുഞ്ഞ് പിറന്നത്. 2020 ഫെബ്രുവരി 20നാണ് ഇവർക്ക് ആൺകുഞ്ഞു പിറന്നത്. ഇപ്പോൾ നിധിയുടെ പുതിയ തീരുമാനം കേട്ട് അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. കുഞ്ഞിനു നൽകിയ ശേഷമുള്ള മുലപ്പാൽ ആവശ്യമുള്ള മറ്റു കുഞ്ഞുങ്ങൾക്ക് നൽകുകയാണ് നിധി.
‘കുഞ്ഞിന് ആവശ്യത്തിനു നൽകിയ ശേഷവും മുലപ്പാൽ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മുലപ്പാൽ എടുത്ത് റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ മൂന്നോ നാവോ മാസം ഉപയോഗിക്കാമെന്ന് ഇന്റർനെറ്റില്‍ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി. അങ്ങനെയാണ് മുലപ്പാൽ ശേഖരിച്ച് സൂക്ഷിക്കാൻ തുടങ്ങിയത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഫ്രീസർ നിറഞ്ഞു. അപ്പോൾ വീണ്ടും ആശങ്കയിലായി. ഇന്റർനെറ്റിൽ നോക്കിയപ്പോൾ ഫേസ്പാക്കായും മറ്റും മുലപ്പാൽ ഉപയോഗിക്കുന്നതായി കണ്ടു. മാത്രമല്ല, മുലപ്പാൽ കുഞ്ഞിനെ കുളിപ്പിക്കാനും കാൽ കഴുകാനുമെല്ലാം ഉപയോഗിക്കുമെന്ന് എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ, എന്തുകൊണ്ടോ എനിക്ക് അതിനോട് യോജിക്കാനായില്ല. അത് ക്രൂരതയാണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് മുലപ്പാൽ വിൽക്കാൻ തീരുമാനിച്ചത്.’– നിധി പറയുന്നു.
മുംബൈയിലെ സൂര്യ ആശുപത്രിയിലേക്കാണ് നിധി തന്റെ മുലപ്പാൽ നൽകുന്നത്. 2019 മുതൽ ആശുപത്രിയിൽ ബ്രസ്റ്റ് മിൽക്ക് ബാങ്ക് നിലവിലുണ്ട്. ലോക്ഡൗൺ തുടങ്ങിയതിനു ശേഷം ആവശ്യത്തിന് പാൽ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ‘ബാന്ദ്രയിലെ വനിതാ ശിശുക്ഷേമ ആശുപത്രിയിലുള്ള എന്റെ ഗൈനക്കോളജിസ്റ്റുമായി ഇക്കാര്യം സംസാരിച്ചു. അവരാണ് സൂര്യ ആശുപത്രിയിലേക്ക് പാൽ നൽകാൻ പറഞ്ഞത്. 20 പാക്കറ്റ് പാൽ എന്റെ കയ്യിൽ ഉണ്ടായിരുന്നു. ഒരു കുഞ്ഞ് വീട്ടിലുള്ളതിനാൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് പാൽ എത്തിക്കാൻ എനിക്ക് പ്രയാസമായിരുന്നു. എന്നാൽ ആശുപത്രി അധികൃതർ വീട്ടിൽ വന്ന് പാൽ ശേഖരിക്കാൻ സന്നദ്ധതകാണിച്ചു’– നിധി വ്യക്തമാക്കി.
Leave a Reply