കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ചതഞ്ഞരഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍ ജില്ലയിലെ അന്നൂര്‍ താലൂക്ക് കരിയം പാളയം സ്വദേശിനി സി. ലക്ഷ്മി(80) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അവിനാശി റോഡിലെ സ്വകാര്യ കോളേജിലെ കാന്റീന്‍ ജീവനക്കാരിയായിരുന്നു ഇവര്‍. പുലര്‍ച്ചെ ജോലിക്കായി നടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ നെഹ്‌റുനഗര്‍ ഇന്ദിരാ നഗറില്‍ എം. ഫൈസല്‍ (38) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് ആറിന് പുലര്‍ച്ചെ തിരുച്ചിറപ്പള്ളി പോയി തിരിച്ചു വരുന്നതിനിടെ ഇയാള്‍ ഓടിച്ചിരുന്ന ആഡംബര വാഹനം ആണ് ലക്ഷ്മിയെ ഇടിച്ചിട്ട് നില്‍ക്കാതെ പോയത്. പിറകെ എത്തിയ തിരുവള്ളുവര്‍ ജില്ലാ രജിസ്‌ട്രേഷനുള്ള ആഡംബര വാഹനത്തില്‍ ദേഹം കുടുങ്ങി വലിച്ചിഴച്ച നിലയിലാണ് പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടത്. എന്നാല്‍ തുടരന്വേഷണത്തില്‍ അതേപോലെയുള്ള മറ്റൊരു ആഡംബര വാഹനമാണെന്ന് കണ്ടെത്തിയെങ്കിലും വാഹനത്തെയും ഇടിച്ച ആളെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പീളമേട് പോലീസ് അന്വേഷിച്ചിരുന്ന കേസ് പ്രതിയെ കസ്റ്റഡിയിലെടുത്തതോടെ സിറ്റി ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന് കൈമാറി. ഓഗസ്റ്റ് ആറിന് പുലര്‍ച്ചെയാണ് നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സിറ്റി പോലീസിന്റെ ക്രൈംബ്രാഞ്ച് വിങ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഫൈസലിനെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത് ഇടിച്ച വാഹനത്തെ അന്വേഷിച്ചുള്ള യാത്രയില്‍ നഗരത്തിലെ എല്ലാ വര്‍ക്ക് ഷോപ്പുകളിലും പരിശോധന നടത്തേണ്ടി വന്നു. ഇതില്‍ പട്ടണം പ്രദേശത്തെ വര്‍ക്ക് ഷോപ്പില്‍നിന്നും ഇടിച്ച വാഹനത്തിന്റെ സാദൃശ്യമുള്ള ആഡംബര വാഹനത്തെ കണ്ടെത്തി മെക്കാനിക്കിനെ ചോദ്യംചെയ്തപ്പോഴാണ് വാഹനത്തിന്റെ അടിയില്‍നിന്നും അപകടസമയത്ത് സ്ത്രീ ധരിച്ചിരുന്ന സാരിയുടെ കഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാഹന ഉടമ ഫൈസലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ ആദ്യം സംഭവം നിരാകരിച്ചു. എങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞതോടെ വാഹനവുമായി താന്‍ ആ സമയത്ത് ഉണ്ടായിരുന്നുവെങ്കിലും ഇടിച്ച് കാര്യം അറിയില്ലെന്നാണ് പിന്നീട് പറഞ്ഞത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.

കോയമ്പത്തൂര്‍ അവിനാശി റോഡില്‍ സി.ഐ.ടി കോളേജിലെ കാന്റീന്‍ ജീവനക്കാരിയായി വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു ലക്ഷ്മി. അന്നൂര്‍ കരിയാന്‍ പാളയത്ത് നിന്ന് മൂന്നര മണിക്കൂറോളം നടന്നാണ് ജോലിക്ക് എത്തിയിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതും നടന്നാണ്. ചില ദിവസങ്ങളില്‍ കാന്റീനില്‍ തന്നെ കഴിയുന്നത് കാരണം വീട്ടുകാരും അന്വേഷിച്ചില്ല.

കാന്റീന്‍ നടത്തിപ്പുകാരും വീട്ടില്‍ ആണെന്നാണ് ധരിച്ചത്. ഇതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്. കോളേജുകള്‍ തുറക്കുന്നതുവരെ വീട്ടിലായിരുന്ന ലക്ഷ്മി ഒരാഴ്ച മുമ്പാണ് വീണ്ടും നടന്നു തന്നെ ജോലിക്കെത്തി തുടങ്ങിയത്. വര്‍ഷങ്ങളായുള്ള ശീലം പിന്തുടരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട് ആരാരുമറിയാതെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുള്ളത്.