ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെൻട്രൽ ലണ്ടനിൽ നടപ്പാതയിലേയ്ക്ക് വാൻ ഇടിച്ചു കയറിയ സംഭവത്തിൽ ഒരു യുവതി ദാരുണമായി കൊല്ലപ്പെട്ടു. കിംഗ്സ് കോളേജിന് സമീപമാണ് അപകടം നടന്നത്. മരിച്ച 20 വയസ്സുകാരിയായ യുവതി കിംഗ്സ് കോളേജിലെ വിദ്യാർത്ഥിനി ആണെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കൂടാതെ മറ്റ് രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് അറിയാൻ സാധിച്ചത്.
സംഭവസ്ഥലത്ത് വെച്ചുതന്നെ 26 വയസുകാരനായ വാഹനത്തിൻറെ ഡ്രൈവർ അറസ്റ്റിലായി. ഇയാൾ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷികളിൽ നിന്ന് പോലീസ് മൊഴിയെടുത്തു. സംഭവത്തിന് ഏതെങ്കിലും രീതിയിൽ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്ന സ്ഥലം കാൽനട യാത്രയ്ക്കായി മാത്രം ഉപയോഗിക്കുന്ന പാതയാണെന്നും ഇതുവഴി വാഹനങ്ങൾ പോകാറില്ലെന്നും കിംഗ്സ് കോളേജിലെ ഗവേഷണ വിദ്യാർത്ഥിയായ അലി പറഞ്ഞു. സംഭവത്തിൽ ഏതെങ്കിലും രീതിയിലുള്ള ദുരൂഹത ഉണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുകയാണ്.
Leave a Reply