ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വികലാംഗയായ തന്റെ പങ്കാളിയും നാലു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ സാറ ബേറ്റ്മാനേ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാത്യു ഹൈഡിന് കോടതി ജീവപര്യന്തം ജയിൽ ശിക്ഷ വിധിച്ചു. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വില്ലെൻഹാളിലുള്ള വീട്ടിൽ വച്ച് ഇരുവരും വഴക്കിട്ടതിനെത്തുടർന്നാണ് സാറ തന്റെ പരിചാരകനും പങ്കാളിയുമായ ഹൈഡിന്റെ ആക്രമണത്തിന് ഇരയായത്.

ഈ വർഷം മാർച്ച് 28 നാണ് സംഭവം നടക്കുന്നത്. 50 വയസ്സുകാരിയായ സാറ ബേറ്റ്മാനേ കണ്ടുമുട്ടിയതിന് തൊട്ടുപിന്നാലെ, ഹൈഡ് അവരോടൊപ്പം താമസം മാറുകയും അവളുടെ ആവശ്യങ്ങളിലും ദൈനംദിന പരിചരണത്തിനുമായി പണം വാങ്ങി പരിചരിക്കുന്ന ഒരാളായി അവരോടൊപ്പം താമസിക്കുകയും ആയിരുന്നു. ഇരുവരും തമ്മിൽ ഉണ്ടായ വാഗ്വാദത്തിന് ശേഷമാണ് ഹൈഡ് സാറയെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. രണ്ടുദിവസത്തിനുശേഷം മാർച്ച് മുപ്പതാം തീയതി സാറയുടെ മകനാണ് അവരുടെ മൃതദേഹം ഫ്ലാറ്റിൽ കണ്ടെത്തിയത്. മുഖത്ത് മുറിവുകളും ചതവുകളും കഴുത്തിൽ നായയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന തൊടൽ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലുമായിരുന്നു അവളെ കണ്ടെത്തിയത്.


മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് ഹൈഡിനെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകക്കുറ്റം സമ്മതിച്ചതിന് ശേഷം വോൾവർഹാംപ്ടൺ ക്രൗൺ കോടതി ഹൈഡിനെ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചു. ഹൈഡിലുണ്ടായിരുന്ന സാറയുടെ വിശ്വാസത്തെ ദുരൂപയോഗം ചെയ്ത് അവളുടെ വീട്ടിൽ വച്ച് തന്നെ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ നിക്ക് ബർനെസ് വ്യക്തമാക്കി.