പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊന്ന അമ്മ കസ്റ്റഡിയിൽ. മങ്കുഴിയിൽ ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന സുജിത (28)യാണ് പിടിയിലായത്. വെള്ളം നിറച്ച കന്നാസിലാണ് കുഞ്ഞിനെ മുക്കി കൊന്നത്. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി, പോലീസിന്റെ നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കെതിരേ കൊലപാതകത്തിന് കേസെടുത്തു. വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. ശൗചാലയത്തിൽ കയറിയ സുജിത ഏറെ നേരമായിട്ടും പുറത്തേക്കുവന്നില്ല. സംശയം തോന്നിയ ഭർത്താവ് മുട്ടിവിളിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങിയെങ്കിലും സുജിത രക്തസ്രാവം മൂലം അവശ നിലയിലായിരുന്നു. ഭയന്നുപോയ ഭർത്താവ് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഇവർ പ്രസവിച്ച കാര്യം അറിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യം സുജിത നിഷേധിച്ചുവെങ്കിലും തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് താൻ പ്രസവിച്ചെന്നും കുട്ടിയെ വെള്ളം നിറച്ച കന്നാസിൽ ഉപേക്ഷിച്ചെന്നും സുജിത വെളിപ്പെടുത്തിയത്. എന്നാൽ സുജിത ഗർഭിണിയാണെന്ന വിവരം ഭർത്താവിനോ കുടുംബത്തിനോ അറിവില്ലായിരുന്നു. സുജിതയ്ക്കുണ്ടായ ശാരീരികമാറ്റം കണ്ട് ആശാപ്രവർത്തക വിവരം അന്വേഷിച്ചിരുന്നു. വണ്ണം വെക്കാനുള്ള മരുന്നു കഴിച്ചതിന്റെ ഫലമായാണ് വയറ് കൂടുന്നതെന്നാണ് സുജിത മറുപടി പറഞ്ഞ്. അതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.

സുജിത ആൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പത്തുമാസം മുൻപ് ഭർത്താവിനെയും രണ്ടുകുട്ടികളേയും ഉപേക്ഷിച്ച് സുജിത വീടുവിട്ടിറങ്ങിയിരുന്നു. തമിഴ്‌നാട് ഗുണ്ടൽപേട്ടിൽ മറ്റൊരാളോടൊപ്പം കുറച്ചുനാൾ താമസിച്ചിരുന്നു. പിന്നീട് പോലീസും പഞ്ചായത്തംഗവും ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. അതിനുശേഷം ഒരേ വീട്ടിലായിരുന്നെങ്കിലും ഭാര്യയും ഭർത്താവും അകൽച്ചയിലായിരുന്നു. നവജാത ശിശുവിന്റെ കൊലപാതകത്തെ തുടർന്ന് സുജിതയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു.