വേങ്ങരയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി സൻജിത്ത് പാസ്വാൻ (33) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ പൂനം ദേവി (30) അറസ്റ്റിലായത്. വേങ്ങര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മലപ്പുറം കോട്ടയ്ക്കലിലെ വാടക ക്വട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം ഭർത്താവ് വയറുവേദനയെ തുടർന്ന് മരിച്ചു എന്നായിരുന്നു ഇവർ മറ്റുള്ളവരോട് പറഞിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൻജിത്ത് പാസ്വാന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഭാര്യയും കുട്ടികളുമുള്ള യുവാവുമായി പൂനം ദേവി പ്രണയത്തിലായതിനെ തുടർന്നാണ് സൻജിത്ത് പാസ്വാൻ ഭാര്യയേയും മക്കളെയും കൂട്ടി മലപ്പുറത്തെത്തിയത്. എന്നാൽ ഭാര്യ ഫോൺ വഴി യുവാവുമായുള്ള ബന്ധം തുടരുകയായിരുന്നു. താൻ ബന്ധം തുടരുന്ന വിവരം ഭർത്താവ് അറിഞ്ഞതോടെ സൻജിത്ത് പാസ്വാനെ കൊലപ്പെടുത്താൻ പൂനം ദേവി തീരുമാനിക്കുകയായിരുന്നു.
രാത്രി ഉറങ്ങി കിടക്കുകയായിരുന്ന സൻജിത്ത് പാസ്വാന്റെ കൈയ്യും കാലും കൂട്ടികെട്ടിയതിന് ശേഷം കഴുത്തിൽ സാരി മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് കെട്ടുകൾ അഴിച്ച ശേഷം തൊട്ടടുത്ത മുറികളിൽ താമസിക്കുന്നവരോട് ഭർത്താവിന് സുഖമില്ലെന്ന് പറയുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിനും ശരീരത്തിലും പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് പൂനം ദേവിയെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
മറ്റൊരു യുവാവുമായി അടുപ്പത്തിലാണെന്നും ഭർത്താവ് ജീവനോടെ ഉണ്ടെങ്കിൽ ആ ബന്ധത്തിന് സമ്മതിക്കില്ലെന്നും കരുതിയാണ് കൊലപാതകം നടത്തിയതെന്നും പൂനം ദേവി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
Leave a Reply