സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാർട്ടിയിലും ‘കാസ്റ്റിങ് കൗച്ച്’ ഉണ്ടെന്ന ആരോപണം ഉന്നയിച്ച വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍നിന്നാണ് സിമിയെ പുറത്താക്കിയത്. മുന്‍ എ.ഐ.സി.സി. അംഗവും മുൻ പി.എസ്.സി. അംഗവുമാണ് സിമി റോസ്‌ബെല്‍ ജോണ്‍.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചതിനാണ് സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെ.പി.സി.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയാണ് നടപടിയെടുത്തതെന്നും ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.

സിമി റോസ് ബെല്‍ ജോണിന്റെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്ന് കെ.പി.സി.സി. കുറ്റപ്പെടുത്തി. കെ.പി.സി.സി. ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായ വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ നേരത്തേ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞദിവസം സിമി ഉയര്‍ത്തിയത്. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ കോൺഗ്രസ് പാർട്ടിയിൽ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂവെന്ന് അവർ മാധ്യമങ്ങൾക്കു മുന്നിൽ ആരോപിച്ചിരുന്നു. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അ‌തിനുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. സമയം വരുമ്പോൾ അ‌ത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവർക്ക് നല്ല ഉപദേശങ്ങൾ നൽകിയിരുന്നെന്നും സിമി റോസ്ബെൽ പറഞ്ഞിരുന്നു.

കോൺഗ്രസിൽ അ‌നർഹർക്കാണ് സ്ഥാനമാനങ്ങൾ ലഭിക്കുന്നതെന്നും ജെബി മേത്തർ എം.പിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമർശിച്ചിരുന്നു.

‘യൂത്ത് കോൺഗ്രസിൽ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോൺഗ്രസ് അ‌ഖിലേന്ത്യാ സെക്രട്ടറിയാക്കിയപ്പോൾ ഞങ്ങൾ മൗനംപാലിച്ചു. എട്ടുവർഷം മുമ്പ് മഹിളാ കോൺഗ്രസിൽ അംഗത്വമെടുത്തപ്പോഴും മൗനംപാലിച്ചു. അ‌ന്ന് പത്മജ ചേച്ചി (പത്മജ വേണുഗോപാൽ) ഉൾപ്പെടെയുള്ളവർ പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ചിരുന്നു. പ്രവർത്തനത്തിലൂടെ വന്നവർ ഇപ്പോഴും തഴയപ്പെടുകയാണ്. അ‌ങ്ങനെയുള്ള എത്ര വനിതാ അംഗങ്ങൾ കെ.പി.സി.സിയിൽ ഉണ്ടെന്ന് പരിശോധിക്കണം. അ‌വരേക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. അ‌വരൊക്കെ വലിയ വലിയ നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ്.’ -സിമി റോസ്ബെൽ പറഞ്ഞു.