ലണ്ടൻ ∙ യുകെയിലെ ബർമിംഗ്ഹാമിൽ താമസിക്കുന്ന 56 കാരിയായ മൻജിത് സാംഘയ്ക്ക് വളർത്തു നായയിൽ നിന്നുണ്ടായ അപൂർവ ബാക്ടീരിയ അണുബാധ മൂലം ഇരുകൈകളും ഇരുകാലുകളും മുറിച്ചു മാറ്റേണ്ടി വന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഓഫിസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ട മൻജിത്തിനെ ഭർത്താവ് കാം വീട്ടിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ചുണ്ടുകൾ നീലനിറമായും കൈകാലുകൾ തണുത്ത നിലയിലുമായിരുന്ന അവരെ അടിയന്തരമായി ന്യൂ ക്രോസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആറുതവണ ഹൃദയസ്തംഭനം ഉണ്ടായെങ്കിലും അവൾ അതിനെ അതിജീവിച്ചു.

പരിശോധനയിൽ ശരീരത്തിലുണ്ടായിരുന്ന ചെറിയ മുറിവിൽ നായ നക്കിയതിലൂടെ കാപ്നോസൈറ്റോഫാഗ കാനിമോർസസ് എന്ന ബാക്ടീരിയ രക്തത്തിൽ പ്രവേശിച്ചതാണ് ഗുരുതര ആരോഗ്യ പ്രശ്നത്തിന് കാരണമായതെന്ന് കണ്ടെത്തി. ഇത് കാരണം അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയായിരുന്നു . ഇതിന് പുറമെ അപൂർവമായ രക്തം കട്ടപിടിക്കുന്ന പ്രശ്നവും ഉണ്ടായതോടെ അവസ്ഥ വഷളായി. അണുബാധ പടരാതിരിക്കാനായി ഇരുകാലുകൾ കാൽമുട്ടിന് താഴെയും പിന്നീട് ഇരുകൈകളും മുറിച്ചുമാറ്റേണ്ടിവന്നു. ഡോക്ടർമാർ കുടുംബത്തോട് ജീവൻ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, 32 ആഴ്ച നീണ്ട ചികിത്സയ്ക്കുശേഷം മൻജിത് ആശുപത്രി വിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവിതം മുഴുവൻ മാറ്റിമറിച്ച ഈ അനുഭവത്തെ കുറിച്ച് സംസാരിക്കുമ്പോൾ ; സാധാരണ കാര്യങ്ങൾ പോലും ഇപ്പോൾ വെല്ലുവിളിയായിരിക്കുകയാണെന്ന് മൻജിത് പറഞ്ഞു. ഗോഫണ്ട്മിയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് അത്യാധുനിക കൃത്രിമ അവയവങ്ങൾ ലഭ്യമാക്കാനും വീടിനെ പുതുക്കി ക്രമീകരിക്കാനും സഹായം തേടുകയാണ് മൻജിത് . വീണ്ടും നടക്കാനും ജോലിയിൽ മടങ്ങിയെത്താനും കഴിയണമെന്നതാണ് മൻജിത്തിന്റെ ലക്ഷ്യം. വളർത്തുമൃഗങ്ങളിൽ നിന്നുള്ള അണുബാധ സാധ്യതകളെ കുറിച്ച് ഉടമകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.