ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഗാർഹിക പീഡനത്തിലും ലൈംഗിക കുറ്റകൃത്യങ്ങളിലും പ്രതിചേർക്കപ്പെടുന്ന പോലീസുകാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെന്ന വെളിപ്പെടുത്തലുമായി അധികൃതർ. ഇത്തരത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 1000 ത്തിലധികം പോലീസുകാരാണ് പ്രതിയായിട്ടുള്ളത്. ബലാത്സംഗം, ആക്രമണം, പീഡനം, ഗാർഹിക പീഡനം, മോഷണം തുടങ്ങി ഏകദേശം 80 കേസുകളിൽ പ്രതിയായ മെറ്റ് പോലീസ് ഓഫീസർ ഡേവിഡ് കാരിക്ക് ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു. ഇതേ തുടർന്നാണ് പോലീസുകാരുടെ കുറ്റകൃത്യങ്ങൾ ചർച്ചയാകുന്നത്.

1071 ഉദ്യോഗസ്ഥർ ഉൾപ്പെട്ട 1,633 കേസുകളാണ് നിലവിൽ തീർപ്പാക്കാനുള്ളത്. ഇതിൽ കേവല ആരോപണം മുതൽ ബാലത്സംഗം വരെയുണ്ട്. നിലവിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്, ഈ പ്രതിസന്ധിയ്ക്ക് കാരണം സർക്കാരാണെന്നും എൻഡ് വയലൻസ് എഗെയ്ൻസ്റ്റ് വുമൺ കോയലിഷൻ ഡയറക്ടർ ആൻഡ്രിയ സൈമൺ പറഞ്ഞു. കാരിക്കിന്റെ കേസിൽ സർക്കാർ ശരിയായി ഇടപ്പെട്ടില്ല. സ്വഭാവദൂഷ്യമുള്ള ഒരാളുടെ മേൽ ഇത്രയും കേസുകൾ ആരോപിക്കപ്പെട്ടപ്പോഴും അധികൃതർ മൗനം പാലിച്ചുവെന്നും ആൻഡ്രിയ ചൂണ്ടിക്കാട്ടുന്നു.

പോലീസ് സ്റ്റേഷനിൽ വനിതാ സഹപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി എന്ന സംശയത്തിൽ കഴിഞ്ഞ വർഷം പ്രതി ചേർക്കപ്പെട്ട സെർവിംഗ് പിസിയുടെ കേസും വ്യത്യസ്തമല്ല. ജൂൺ മാസത്തിലായിരുന്നു സംഭവം. സഹപ്രവർത്തകയുടെ പരാതിയെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. മുൻപും സമാനമായ കേസിൽ 2011ൽ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അന്വേഷണ വിധേയമായി വെറുതെ വിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം മൂന്ന് വർഷത്തിനിടയിൽ സമാനമായ കേസുകളിൽ പ്രതിചേർക്കപ്പെട്ട 1,319 പോലീസുകാരിൽ 1,080 പേരും നിലവിൽ സർവീസിൽ തുടരുകയാണ്. 2.7% ആളുകളെ മാത്രമാണ് പിരിച്ചു വിട്ടതെന്നും, പ്രതി പട്ടികയിലുള്ള 203 പേർ നിലവിൽ സർവീസിൽ തുടരുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.