ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ ആദ്യത്തെ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ഓക്‌സ്‌ഫോർഡിലെ സർജന്മാർ. സ്വീകർത്താവ് 34 വയസ്സുള്ള ഒരു സ്ത്രീയും ദാതാവ് അവളുടെ 40 വയസ്സുള്ള സഹോദരിയും ആയിരുന്നു. ഇരുവരുടെയും വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ശസ്ത്രക്രിയയിൽ നിന്ന് ഇരുവരും സുഖം പ്രാപിച്ചതായും ഇളയ സഹോദരി അടുത്ത നടപടിക്രമങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും അധികൃതർ അറിയിച്ചു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഫെബ്രുവരിയിൽ നടന്ന ശസ്ത്രക്രിയ ഏകദേശം 17 മണിക്കൂർ നീണ്ടുനിന്നിരുന്നു.
ഗർഭപാത്രം സ്വീകരിച്ചയാളുടെ സഹോദരിക്ക് രണ്ട് കുട്ടികളുണ്ട്. ഇരുവരും ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്. 25 വർഷമായി ഗർഭപാത്ര മാറ്റിവയ്ക്കലിനെക്കുറിച്ച് ഗവേഷണം നടത്തിയ ഗൈനക്കോളജിക്കൽ സർജനായ പ്രൊഫ റിച്ചാർഡ് സ്മിത്താണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. മേയർ-റോകിറ്റാൻസ്‌കി-കസ്റ്റർ-ഹൗസർ (എംആർകെഎച്ച്) എന്ന അപൂർവ അവസ്ഥയുമായാണ് ഗർഭപാത്രം സ്വീകരിച്ചയാൾ ജനിച്ചത്. ഈ അവസ്ഥയിൽ ഉള്ളവരുടെ ഗർഭപാത്രങ്ങൾ വികസിച്ചിട്ടുണ്ടാവില്ല.
2014-ൽ സ്വീഡനിലെ ഒരു സ്ത്രീയാണ് ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ആദ്യമായി കുഞ്ഞിന് ജന്മം നൽകിയത്. 60 വയസ്സുള്ള ഒരു സുഹൃത്തിൽ നിന്നായിരുന്നു ഇവർക്ക് ഗർഭപാത്രം ലഭിച്ചത്. അതിനുശേഷം ലോകമെമ്പാടും 100 ഗർഭപാത്രം മാറ്റിവയ്ക്കൽ നടക്കുകയും ഇതിൽ 50 ഓളം ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുട്ടികൾ ജനിക്കുകയും ചെയ്‌തു. ശസ്ത്രക്രിയയിൽ ഭൂരിഭാഗവും യുഎസ്, സ്വീഡൻ, തുർക്കി, ഇന്ത്യ, ബ്രസീൽ, ചൈന, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് നടന്നിരിക്കുന്നത്.
Leave a Reply