ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ജീവിതചെലവുകളുടെ വൻ വർദ്ധനവ് ജനങ്ങളെ ആകെ ബുദ്ധിമുട്ടിലാക്കിരിക്കുകയാണ്. മാഞ്ചസ്റ്ററിൽ രണ്ട് സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പിഎച്ച്ഡി ഉള്ള സ്ത്രീക്ക് പോലും തന്റെ സ്ഥലത്തുള്ള പെറിസ്‌ പാൻട്രി ഫുഡ് ബാങ്കിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. അടിസ്ഥാന ആവശ്യങ്ങൾപോലും നിർവഹിക്കാൻ സാധിക്കാത്ത അമ്പതോളം കുടുംബങ്ങൾക്ക് ഭക്ഷണം ഈ ഫുഡ് ബാങ്കിൽ നിന്നാണ് ലഭിക്കുന്നത്. വരുമാനത്തിൽ ഉള്ള കുറവും, ചെലവുകളുടെ വർദ്ധനവും, അതോടൊപ്പം തന്നെ കടമെടുത്തത് തിരിച്ചെടുക്കാനാവാത്ത അവസ്ഥയുമെല്ലാം തന്നെ മാനസിക സമ്മർദ്ദത്തിൽ എത്തിച്ചിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. പി എച്ച് ഡി ഡിഗ്രി ഉണ്ടായിട്ടും രണ്ട് സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടും തനിക്ക് ജീവിതച്ചെലവുകൾ കണ്ടെത്താനാവുന്നില്ലെന്ന് അവർ വ്യക്തമാക്കി.


മാനസികമായി വളരെയധികം സമ്മർദ്ദത്തിലാണ് താൻ ഉള്ളത്. ലഭിച്ചിരിക്കുന്ന ജോലിപോലും സ്ഥിരമായി ഉള്ളതല്ല. അതോടൊപ്പം തന്നെ കൃത്യസമയത്ത് ശമ്പളം പോലും തനിക്ക് ലഭിക്കുന്നില്ലെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. മാസം 725 പൗണ്ട് ആണ് വാടകയായി നൽകേണ്ടത്. എന്നാൽ ഇത് തന്നെ നൽകുവാൻ സാധിക്കാത്തതിനാൽ മുൻ പങ്കാളിയുമൊത്ത് താൻ താമസിക്കുവാൻ നിർബന്ധിതയാകുന്നുവെന്ന് അവർ പറഞ്ഞു. അടുത്തിടെ ഈ തുക 825 പൗണ്ടായി വർദ്ധിക്കുമെന്ന് അവർ അറിയിച്ചതായും, ഇത് തനിക്ക് ഒരുതരത്തിലും അംഗീകരിക്കാൻ ആവുന്നതല്ലെന്നും അവർ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ കഴിഞ്ഞ നാല് മാസത്തേക്കുള്ള വാട്ടർ ബില്ലായി 600 പൗണ്ടാണ് തനിക്ക് ലഭിച്ചതെന്നും, തന്റെ ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഇവയെല്ലാംകൂടി അടയ്ക്കാൻ തനിക്ക് ഒരു നിർവാഹവുമില്ലെന്ന് അവർ വ്യക്തമാക്കി.

ഈ സാഹചര്യം തന്റെ മാത്രമല്ല മറിച്ച് നിരവധിപേരുടെ അവസ്ഥയാണ് വെളിവാക്കുന്നത് എന്നും അവർ വ്യക്തമാക്കി. അടുത്തിടെ ഉണ്ടായിരിക്കുന്ന ജീവിത ചെലവുകളുടെ വർദ്ധനവ് ബ്രിട്ടണിലെ ഭൂരിഭാഗം ജനങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് നേരിടുവാൻ ആവശ്യമായ നടപടികൾ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ