ജെസ്സി സോജൻ

അന്താരാഷ്ട്ര വനിതാ ദിനം.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ് മുതലാണ് മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹികവും രാഷ്ട്രീയവും ഔദ്യോഗികവുമായ മേഘലയിൽ അവർ കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെ ആഘോഷ ദിനമാണ് ഇത്. സ്ത്രീസ്വാതന്ത്രം, സമത്വം എന്നിവ എൻ്റെ വീക്ഷണത്തിൽ വീട്ടിൽ നിന്നുള്ള അനുഭവത്തിൽ നിന്നാണ് തുടങ്ങേണ്ടത്. എൻ്റെ വീട്ടിലുണ്ടായ ഒരനുഭവം പ്രിയ വായനക്കാരുമായി പങ്കുവെയ്ക്കാനാഗ്രഹിക്കുകയാണ്. ഞങ്ങൾ അഞ്ച് പെൺകുട്ടികളാണ് എൻ്റെ കുടുംബത്തിൽ . എൻ്റെ ഏറ്റവും മൂത്ത ചേച്ചി പ്രീ ഡിഗി കഴിഞ്ഞപ്പോൾ ആഗ്രഹിച്ചത് ടീച്ചർ ആകണമെന്നാണ്. പക്ഷേ എൻ്റെ പിതാവിന് അതിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പകരം കല്യാണം കഴിപ്പിച്ച് വിടുക എന്നതായിരുന്നു പിതാവിൻ്റെ താല്പര്യം. കൃഷിക്കാരനായ ഒരു സാധാരണ നാട്ടുമ്പുറത്തുകാരൻ്റെ ചിന്തകളും കടമയുമാണെന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. പിതാവിനോട് സുഹൃത്തായ അയൽപക്കത്തെ ചേട്ടനും അതു തന്നെ പറഞ്ഞു. എന്ത് കാര്യം പെൺകുട്ടികളെ പഠിപ്പിച്ച് ജോലി കിട്ടിയിട്ട്? കല്യാണം കഴിപ്പിച്ച് വിട്. വെറുതേസമയം കളയണ്ട. ഉപദേശം പിതാവിനും ഇഷ്ടപ്പെട്ടു. എൻ്റെ പിതാവ് വളരെ ധാർഷ്ട്യ സ്വഭാവക്കാരനാണ്. എൻ്റെ അമ്മ തീരെ വിദ്യാദ്യാസം ഇല്ലാത്ത വ്യക്തിയാണെങ്കിലും തൻ്റെ ജീവിതാനുഭവത്തിൽ നിന്നും പ്രായോഗിക ജീവിതത്തിനാവശ്യമായ പല കാര്യങ്ങളും പഠിച്ചു. വിഷമങ്ങൾ, പ്രതിസന്ധികൾ, ബുദ്ധിമുട്ടുകൾ എല്ലാം അമ്മയെ മാനസീകമായി അലട്ടുന്നുണ്ടായിരുന്നു. അമ്മ എൻ്റെ ചേച്ചിയെ വളരെയധികം സപ്പോർട്ട് ചെയ്തു. ചേച്ചിക്ക് വേണ്ടി അപ്പനോട് വളരെ പോരാടി. മറ്റ് പലരേക്കൊണ്ടും അപ്പനോട് സംസാരിപ്പിച്ച് ചേച്ചിയെ പഠിക്കാൻ അനുവദിക്കുകയും ഒടുവിൽ ചേച്ചി ഒരു ഗവൺമെൻ്റ് സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപിക ആവുകയും ചെയ്തു. എൻ്റെ അമ്മ എന്ന വിപ്ലവകാരിയെ ഞാൻ ഓർക്കുകയും അമ്മയോടുള്ള അഭിമാനവും കടമയും രേഖപ്പെടുത്തുകയും ചെയ്യുന്നു.

ആധുനിക കാലഘട്ടത്തിൽ ചില പുരുഷന്മാർ സ്ത്രീകളെ വിളക്കുകളായി വർണ്ണിക്കാറുണ്ട്. പക്ഷേ ഈ സ്ത്രീ വിളക്കുകൾ രാത്രി പുറത്തിറങ്ങിയിൽ സാഹചര്യം കിട്ടിയാൽ ആ വിളക്കുകളെ അണക്കാനും അവർ ശ്രമിക്കാറുണ്ട്. അതുകൊണ്ട് സമൂഹത്തിൽ സ്ത്രീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സമാധാനമായി പരിഭ്രമിക്കാതെ പുറത്തിങ്ങാനും അവളുടെ ഉന്നമനത്തിനും ദിനചര്യകൾക്കു വേണ്ട ആവശ്യങ്ങൾ നിറവേറ്റുവാനും സാധിക്കുന്നതാണ്. നമ്മുടെ മലയാളി സ്ത്രീകൾ മാനസികമായി പല കാര്യങ്ങളിലും ഇപ്പോഴും പിന്നോക്കമാണ്.
സുരക്ഷയില്ലായ്മയാണ് അതിന് പ്രധാന കാരണം. സുരക്ഷിതരല്ല എന്ന തോന്നൽ അവരുടെ ആത്മ വിശ്വാസത്തെ പാടെ തകർക്കുന്നു. ദൈനംദിന ജീവിതത്തിൽ ചുറ്റുപാടും നടക്കുന്ന അക്രമ സംഭവങ്ങൾ കാണുമ്പോൾ എന്തെങ്കിലും ചെയ്യണമെന്നുള്ള ആത്മവീര്യം നഷ്ടപ്പെടുകയാണ്. അധികാരികളുടെ വാചകങ്ങളിലേ സുരക്ഷയുള്ളൂ. പ്രവർത്തിയിൽ സുരക്ഷയുണ്ടോ?

തേനും പാലുമൊഴുകുന്ന ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ രാത്രികാലങ്ങളിൽ ഒരു സ്ത്രീക്ക് പുറത്തിറങ്ങാൻ സാധിക്കാത്തതെന്തുകൊണ്ട് ? ഇന്ന്, ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ഓസ്സ്ട്രേലിയയിലുമൊക്കെ ജീവിക്കുന്ന നമ്മൾ ചിന്തിക്കേണ്ട വിഷയമാണിത്. വീട്ടിൽ ഞങ്ങൾ അഞ്ച് സഹോദരിമാരായിരുന്നു. പിള്ളേര് സ്കൂളിൽ പോയാൽ തിരിച്ചു വരുന്നതുവരെ ആധിയാണ് (പേടിയാണ് എന്നർത്ഥം) എന്ന് എൻ്റെ അമ്മ പറയുന്നത് കുട്ടിക്കാലത്ത് ധാരാളം ഞാൻ കേട്ടിട്ടുണ്ട്. ഞാൻ മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും രാജ്യത്തെ അമ്മമാർക്ക് ഇങ്ങനെയൊരു വേവലാതി ഉണ്ടോ? ഇല്ല! എന്തുകൊണ്ട്?
രാജ്യം ഒരുക്കുന്ന സുരക്ഷയാണ് അതിന് കാരണം എന്ന് ഒറ്റവാക്കിൽ പറയേണ്ടിവരും. എല്ലാ മേഖലയിലും അത് വ്യക്തമാണ്. ചുറ്റുപാടിൽ നമ്മൾ വെറുതേ ഒന്ന് കണ്ണോടിച്ചാൽ നമുക്കത് മനസ്സിലാകും.

സുരക്ഷിതയാണ് എന്ന ആത്മവിശ്വാസമാണ് എൻ്റെ വളർച്ചയ്ക്കാധാരം. 2002 ൽ യുകെ ജീവിതം ആരംഭിച്ച ഒരു വ്യക്തിയാണ് ഞാൻ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സാധാരണ നേഴ്സ് എന്നതിനപ്പുറം ഒന്നുമായിരുന്നില്ല. ഹോസ്പ്പിറ്റലിലെ പല ഡിപ്പാർട്ട്മെൻ്റിലും ബെഡ്സൈഡ് നേഴ്സിംഗ് ചെയ്തു. അതിലൂടെ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളും പല വിപരീത സാഹചര്യങ്ങൾ തരണം ചെയ്യാനും ജോലി സംബന്ധമായ നല്ല അനുഭവപരിചയങ്ങളും നേടിയെടുക്കുവാനും സാധിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ എത്തിയിട്ട് 23 വർഷം പൂർത്തിയായി. സീനിയർ ക്ലിനിക്കൽ അസ്സസറായി ഇപ്പോൾ സേവനമനുഷ്ഠിക്കുമ്പോൾ ഞാൻ ആയിരിക്കുന്ന രാജ്യത്തോടും സേവനമനുഷ്ഠിക്കുന്ന സ്ഥാപനത്തോടും നന്ദിയും കടപ്പാടും മാത്രമേയുള്ളൂ. കാലാകാലങ്ങളിൽ അവർ തന്നുകൊണ്ടിരിക്കുന്ന സപ്പോർട്ടും കരുതലും സുരക്ഷയുമാണ് എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതും ഔദ്യോഗിക മേഖലയിൽ എന്തെങ്കിലുമൊക്കെ ആയിത്തീരാനായതും.

ഇത് എൻ്റെ മാത്രമനുഭവമല്ല. ഭാരതത്തിത് പുറത്ത് എല്ലാ രാജ്യങ്ങളിലും മലയാളി വനിതകൾ തിളങ്ങുന്നത് സർവ്വസാധാരണമായിരിക്കുന്നു. തിളങ്ങട്ടെ !!!
ഹൃദയം നിറഞ്ഞ അന്താരാഷ്ട്ര വനിത ദിനാശംസകൾ.

ജെസ്സി സോജൻ

സീനിയർ ക്ലിനിക്കൽ അസ്സസറായിട്ട് യോർക്ഷയറിലെ ഏയർഡേൽ NHS ഹോസ്പ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്നു.
കുടുംബ സമേതം യോർക്ഷയറിലെ ഗ്ലസ്ബേണിൽ താമസിക്കുന്നു. സ്വദേശം കേരളത്തിൽ കുട്ടനാടാണ്.