ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾ മദ്യം കഴിക്കുന്നുണ്ടെന്ന് പഠനം. മാനസിക സമ്മർദ്ദം നേരിടുമ്പോൾ ഇരുകൂട്ടരും അമിതമായി മദ്യം കഴിക്കുന്നുണ്ടെങ്കിലും ഒരു പ്രധാന വ്യത്യാസം കണ്ടെത്തി. സൈക്കോളജി ഓഫ് അഡിക്റ്റീവ് ബിഹേവിയേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിനെച്ചൊല്ലി സ്ത്രീകൾ കൂടുതൽ സാമൂഹിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും ഇത് കാരണം മദ്യം കഴിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. ഗവേഷകർ 105 പുരുഷന്മാരെയും 105 സ്ത്രീകളെയും തിരഞ്ഞെടുത്ത ശേഷമാണ് പരീക്ഷണം ആരംഭിച്ചത്. അവരുടെ ലബോറട്ടറിയിൽ ഒരു സിമുലേറ്റഡ് ബാർ സ്ഥാപിച്ചു.
ഗ്രൂപ്പിലെ പകുതിയോളം ആളുകൾക്ക്, സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അവർ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ചും ഒരു പ്രസംഗം തയ്യാറാക്കാൻ അഞ്ച് മിനിറ്റ് നൽകി. തുടർന്ന് അഞ്ച് മിനിറ്റ് സംസാരിച്ചു. 1,022-ൽ നിന്ന് പിന്നിലേക്ക് എണ്ണുക എന്നതായിരുന്നു രണ്ടാമത്തെ ജോലി. ഓരോ തവണയും 13 കുറച്ചു വേണം പിന്നിലേക്ക് എണ്ണാൻ. തെറ്റിയാൽ വീണ്ടും ആദ്യം മുതൽ എണ്ണണം. ഈ സമയത്തിനുള്ളിൽ നിരവധി പേർ മദ്യം ഓർഡർ ചെയ്തു. സമ്മർദമുള്ള സ്ത്രീകൾക്ക് ആദ്യം മദ്യം നൽകിയില്ലെങ്കിലും അവർ മദ്യപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.
മദ്യപാനം കുറയ്ക്കാനുള്ള അഭ്യർത്ഥന സ്ത്രീകൾ അവഗണിക്കാനും സാധ്യതയുണ്ട്. മാനസിക സമ്മർദ്ദം കാരണം സ്ത്രീകൾ അമിത മദ്യപാനത്തിന് ഇരയാകുന്നുവെന്ന് അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജൂലി പാറ്റോക്ക്-പെക്കാം പറഞ്ഞു. ലോക്ക്ഡൗണും വർക്ക് ഫ്രം ഹോമും സ്ത്രീകളെ അമിത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു.
Leave a Reply