മലപ്പുറം: പ്രകൃതി ചികിത്സയ്ക്ക് വിധേയയായ സ്ത്രീ പ്രസവത്തിനിടെ മരിച്ചു. മലപ്പുറം വളന്നുര്‍ സ്വദേശിനിയായ യുവതിയാണ് അമിത രക്തസ്രാവം മൂലം മരണപ്പെട്ടത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം ഉണ്ടായി. നില ഗുരുതരമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
അതേസമയം കുഞ്ഞിന് കുഴപ്പങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ചൊവ്വാഴ്ച്ച വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറം ലോകത്തെത്തുന്നത്. ബുധനാഴ്ച ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്നുള്ള സംഘം ആശുപത്രിയില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കളക്ടര്‍ക്ക് കൈമാറും.
മരണപ്പെട്ട യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്. ഗര്‍ഭാവസ്ഥയില്‍ ചികിത്സ തേടാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫാമിലി ഹെല്‍ത്തിലെ വളണ്ടിയര്‍മാര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതിയും ഭര്‍ത്താവിന്റെ കുടുംബവും പ്രസവം വീട്ടില്‍വെച്ച് മതിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രസവത്തിനു ശേഷം കൃത്യ സമയത്ത് മറുപിള്ള പുറത്തു വരാതിരുന്നതിനാല്‍ അമിത രക്തസ്രാവമുണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന് സമയത്ത് രക്തസ്രാവം മൂലം യുവതിയുടെ ശരീരം നീല നിറത്തിലായിരുന്നു.
2016 ഒക്ടോബറില്‍ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാലയത്തില്‍ വാട്ടര്‍ബര്‍ത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ കേന്ദ്രം അടച്ചിടുകയും ചികിത്സകനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ തന്നെയാണ് മഞ്ചേരിയിലും പ്രസവ ചികിത്സ നടത്തിയതെന്നും വിവരമുണ്ട്.
Leave a Reply