താക്കോൽ ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി അംബിക (40) ന്റെ മരണം ഡോക്ടർമാരുടെ അശ്രദ്ധ കാരണമാണെന്ന് ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി അംബികയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഫെബ്രുവരി 28 ന് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുകയും ഗർഭപാത്രം നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് യുവതിയെ വാർഡിലേക്ക് മാറ്റി. എന്നാൽ പിറ്റേദിവസം യുവതിക്ക് ശ്വാസ തടസം അനുഭവപ്പെടുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തതോടെ ബന്ധുക്കൾ ഡോക്ടറെ വിവരമറിയിച്ചു.
ഗ്യാസ് സംബന്ധമായ പ്രശനങ്ങളാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ ശാരീക ബുദ്ധിമുട്ടുകൾ വർദ്ധിച്ചതോടെ യുവതിയെ സകാനിങ്ങിന് വിധേയയാക്കുകയും വീണ്ടും ശസ്ത്രക്രിയ ചെയ്യണമെന്നും ഡയാലിസിസ് ആവശ്യമാണെന്നും അറിയിച്ചു. തുടർന്ന് യുവതിയുടെ നില ഗുരുതരമായതോടെ ഞായറാഴ്ച രാവിലെ യുവതി മരിച്ചു. സംശയം തോന്നിയ ബന്ധുക്കൾ ബഹളം വെച്ചതോടെയാണ് ഡോക്ടർമാർ സത്യാവസ്ഥ പുറത്ത് പറഞ്ഞത്.
താക്കോൽ ദ്വാര ശസ്ത്രക്രിയയ്ക്കിടെ ചെറുകുടലിന് സുഷിരമുണ്ടാവുകയും ഇതിലൂടെ മലമൂത്രാദികൾ ആന്തരികാവയവത്തിൽ എത്തി അണുബാധ ഉണ്ടാവുകയുമായിരുന്നു. ഇത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതാണ് മരിക്കാൻ കാരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
Leave a Reply