തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) യാണ് ഇന്നു പുലർച്ചെ മരിച്ചത്. മേയ് 15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് വീണു നാദിറക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.

അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരുക്കേറ്റത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരകമായി ക്ഷതമേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം.

ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. സംഭവത്തിൽ ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.