സൗദിയിലെ ഹായിലിൽ ഗാർഹിക ജോലി ചെയ്തിരുന്ന മലയാളി യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു . വയനാട് കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയുമായിരുന്ന പള്ളിക്കുന്ന് സ്വദേശിനി സിസിലി തോമസാ (48)ണ് ദുരൂഹ സായാഹചര്യത്തില്‍ മരിച്ചത്. വയനാട്ടിലെ ഒരു സ്വകാര്യ ട്രാവൽ ഏജൻസി മുഖേന നഴ്‌സറി അധ്യാപികയുടെ ജോലിക്കായി ജനുവരി ആറിന് സൗദിയിൽ എത്തിയ സിസിലിക്ക് ലഭിച്ചത് വീട്ടു ജോലിയായിരുന്നു. 2500 റിയാൽ (40,000 രൂപ) ശമ്പളമായിരുന്നു ഏജൻസി വാഗ്‌ദാനം ചെയ്‌തത്‌ . എന്നാല്‍ പറഞ്ഞ ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല മതിയായ ഭക്ഷണം പോലും ലഭിക്കാതെ കഠിനമായ ജോലിയാണ് ചെയ്യേണ്ടി വന്നതെന്നാണ് വിവരം .

തുടരാൻ പ്രയാസമാണെന്നും സ്‌പോൺസറായ സൗദി വനിത മർദ്ദിക്കുന്നതായും സിസിലി വീട്ടുകാരെ അറിയിച്ചിരുന്നു. സിസിലിയെ തിരികെ നാട്ടിലെത്തിക്കാൻ ഏജന്റുമായി വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നു.നിലവില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് ജോലി ശരിപ്പെടുത്താം എന്നായിരുന്നു ഇവരുടെ മറുപടി. ഒടുവില്‍ ബുറൈദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ നാട്ടിലുള്ള സിസിലിയുടെ സഹോദരനുമായി ബന്ധപ്പെട്ട് എംബസിയിൽ പരാതി നൽകിയിരുന്നു . ഇതിനിടയിലാണ് സിസിലി മരണപ്പെടുന്നത്. സ്‌പോൺസർ സിസിലിയെ ജോലിക്കായി മറ്റൊരു വീട്ടിലേക്ക് അയച്ചിരുന്നുവെന്നും അതിനുശേഷം മനോവിഭ്രാന്തി കാണിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

മരണ കാരണം അറിയണമെന്നാവശ്യപ്പെട്ട് സിസിലിയുടെ സഹോദരൻ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ രേഖകള്‍ തൊഴിലുടമ നല്‍കാത്തതിനാല്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും വിട്ടു കിട്ടുന്നതിന് തടസ്സം നേരിടുന്നതായാണ് വിവരം. കമ്പളക്കാട് പള്ളിമുക്ക് മാവുങ്കല്‍ പരേതനായ മൈക്കിളിന്റെയും എമിലിയുടെയും മകളാണ് മരിച്ച സിസിലി . ഭർത്താവ് : തോമസ്,മകൾ:ലിയ ജ്യോത്സന . നിര്‍ധന കുടുബാംഗമായിരുന്ന ഇവര്‍ 2005 മുതല്‍ പത്ത് വര്‍ഷത്തോളം കണിയാമ്പറ്റ പഞ്ചായത്ത് അംഗമായിരുന്നു . ഹായിൽ കിങ് ഖാലിദ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.