ന്യൂസ് ഡെസ്ക് മലയാളം യുകെ

ചില പ്രത്യേക മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അണ്ഡാശയ ക്യാൻസർ വരാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ട് പുറത്തു വന്നു. ഹെയർ ഡ്രസ്സർമാർ , ബ്യൂട്ടീഷ്യന്മാർ, അക്കൗണ്ടന്റുമാർ എന്നിവർക്കാണ് മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരെക്കാളും അണ്ഡാശയ ക്യാൻസർ വരാൻ സാധ്യത കൂടുതൽ ഉണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. ഓപ്പറേഷൻ ആൻഡ് എൻവിയോൺമെൻറൽ മെഡിസിൻ ജേണലിൽ ആണ് തൊഴിലും അണ്ഡാശയ ക്യാൻസറും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


സെയിൽസ്, റീട്ടെയിൽ, നിർമ്മാണ വ്യവസായങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്കും അപകട സാധ്യതയുണ്ട്. കാനഡയിലെ മോൺട്രിയൻ സർവകലാശാലയിലെ അക്കാഡമിക് വിദഗ്ധരുടെ നേതൃത്വത്തിൽ 491 അണ്ഡാശയ അർബുദമുള്ള സ്ത്രീകളുടെ വിവരങ്ങൾ രോഗമില്ലാത്ത 897 സ്ത്രീകളുമായി താരതമ്യം ചെയ്താണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോലിസ്ഥലത്ത് ചില പ്രത്യേക രാസവസ്തുക്കളുമായി സമ്പർക്കത്തിൽ ഏർപ്പെടാനുള്ള സാധ്യത പഠനത്തിൽ പരിഗണിച്ചിട്ടുണ്ട്. ഒട്ടേറെ ഘടകങ്ങൾ കണക്കിലെടുത്തതിനുശേഷമാണ് പല ജോലികളും അപകടകരമായി രോഗാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്.

പഠനം അനുസരിച്ച് ഹെയർ ഡ്രസ്സർ , ബ്യൂട്ടീഷൻമാർ എന്നീ നിലകളിൽ ജോലി ചെയ്യുന്നവരുടെ അപകടസാധ്യത മൂന്നിരട്ടി കൂടുതലാണ്. ഒരു ദശാബ്ദ കാലത്തോളം അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന സ്ത്രീകൾക്ക് രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്. നിർമ്മാണ തൊഴിലാളികളായ സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം പറയുന്നു . വസ്ത്ര നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ അപകടസാധ്യത. ഈ കൂട്ടർക്ക് 85% അപകട സാധ്യതയുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. കോസ്മെറ്റിക് ടാൽക്ക്, അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ്, സിന്തറ്റിക് നാരുകൾ, പോളിസ്റ്റർ നാരുകൾ, ഓർഗാനിക് വസ്തുക്കൾ, ബ്ലീച്ചുകൾ എന്നിവയുടെ ഉപയോഗമാണ് രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.