സാങ്കേതികപ്പിഴവു മൂലം ഓവര്‍സ്പീഡില്‍ വാഹനമോടിച്ചതിനുള്ള ടിക്കറ്റ് സമയത്ത് ലഭിക്കാത്തതിനാല്‍ ഫുട്‌ബോള്‍ താരവും മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായ ഡേവിഡ് ബെക്കാം ശിക്ഷയില്‍ നിന്ന് ഒഴിവായി. എന്നാല്‍ ഒട്ടുമിക്ക കാര്യങ്ങളിലും റോള്‍മോഡലായി അറിയപ്പെടുന്ന ബെക്കാം നോട്ടീസ് ഓഫ് ഇന്റെന്റഡ് പ്രോസിക്യൂഷന്‍ 14 ദിവസത്തിനുള്ളില്‍ ലഭിക്കാത്തതിന്റെ പേരില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സംഭവത്തില്‍ മിസ്റ്റര്‍ ലൂപ്പ്‌ഹോള്‍ എന്ന പേര് നേടിയിരിക്കുകയാണെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു റോള്‍ മോഡല്‍ എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ബെക്കാം പിന്നോട്ടു പോകുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. വെസ്റ്റ് ലണ്ടനില്‍ 40 മൈല്‍ വേഗപരിധിയുള്ള പ്രദേശത്ത് 59 മൈല്‍ സ്പീഡില്‍ ഒരു റെന്റഡ് ബെന്റ്‌ലി ഓടിച്ചതാണ് ബെക്കാമിനെതിരെയുള്ള കുറ്റം.

നിര്‍ദേശിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ ബെക്കാം നോട്ടീസ് സ്വീകരിച്ചിട്ടില്ല. നോട്ടീസ് കൃത്യ സമയത്ത് എത്തിക്കാന്‍ കഴിയാത്തതിനാല്‍ ബെക്കാമിനെതിരെ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് വിംബിള്‍ഡണ്‍ മജിസ്‌ട്രേറ്റ് കോര്‍ട്ട് അറിയിച്ചു. കഴിഞ്ഞ ജനുവരി 23ന് വൈകിട്ട് 5.30ന് ശേഷം എ40യിലൂടെ അമിതവേഗതയില്‍ വാഹനമോടിച്ചുവെന്നാണ് ബെക്കാമിനെതിരെയുള്ള ആരോപണം. ഫെബ്രുവരി 2ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡാണ് ബെക്കാമിന് നോട്ടീസ് അയച്ചത്. ഫസ്റ്റ് ക്ലാസ് പോസ്റ്റില്‍ അയച്ച എന്‍ഐപി പക്ഷേ ഫെബ്രുവരി 6ന് ശേഷമാണ് കാറിന്റെ രജിസ്റ്റേര്‍ഡ് ഉടമയായ ബെന്റ്‌ലിക്ക് ലഭിച്ചത്. സാങ്കേതികതയുടെ പേരില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായെങ്കിലും ഒരു റോള്‍ മോഡല്‍ എന്ന ഉത്തരവാദിത്തം പുലര്‍ത്തിക്കൊണ്ട് ബെക്കാം തന്റെ പിഴവ് സമ്മതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രേക്ക് എന്ന റോഡ് സേഫ്റ്റി ക്യാംപെയിന്‍ ഡയറക്ടര്‍ ജോഷ്വ ഹാരിസ് പറയുന്നു.

താരത്തിന്റെ ഈ പ്രവൃത്തി അങ്ങേയറ്റം നിരാശാജനകമാണെന്നും ഹാരിസ് പറഞ്ഞു. സ്പീഡ് നിയന്ത്രണമുള്ള റോഡില്‍ ബെക്കാം സഞ്ചരിച്ച വേഗത്തിലുള്ള സ്‌റ്റോപ്പിംഗ് ദൂരം സാധാരണയില്‍ നിന്ന് ഇരട്ടിയാണ്. ഭാഗ്യം കൊണ്ടു മാത്രമാണ് അവിടെ ഒരു അപകടം ഒഴിവായതെന്നും ചാരിറ്റി ചൂണ്ടിക്കാട്ടി. പണമുണ്ടെങ്കില്‍ മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായി ജീവിക്കാമെന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്നാണ് സെയ്ഫ് സ്പീഡ് ക്യാംപെയിനിലെ ക്ലെയല്‍ ആംസ്‌ട്രോങ് ആരോപിക്കുന്നത്. 1999ല്‍ പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തില്‍ പരക്കംപാഞ്ഞ സംഭവത്തില്‍ ഓവര്‍സ്പീഡിംഗ് കുറ്റത്തില്‍ നിന്ന് ബെക്കാമിനെ രക്ഷിച്ച നിക്ക് ഫ്രീമാന്‍ തന്നെയായിരുന്നു ഈ കേസിലും ബെക്കാമിന്റെ അഭിഭാഷകന്‍.