ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന സമരം നൂറാം ദിനത്തിലേക്ക് എത്തിയ വേളയിൽ സമരമുഖത്തുള്ള സ്ത്രീകളെക്കുറിച്ച് ടൈം മാഗസിന്റെ കവർ സ്റ്റോറി. സമരമുഖത്തെ സ്ത്രീശക്തിക്കാണ് പ്രാധാന്യം. കർഷക സമരത്തെ മുന്നിൽ നിന്ന് നയിക്കുന്ന സ്ത്രീകളെക്കുറിച്ചാണ് കവർ സ്റ്റോറി. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ മുതൽ ലക്ഷക്കണക്കിന് കർഷകർ ഇന്ത്യൻ തലസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ തടിച്ചുകൂടിയിരുന്നു. ജനുവരിയിൽ ശൈത്യകാലം ആരംഭിച്ചതോടെ, ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് പ്രായമായവരെയും സ്ത്രീകളെയും പ്രതിഷേധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവശ്യപ്പെട്ടു. മറുപടിയായി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ കർഷകർ പ്രായഭേദമന്യേ സമരമുഖത്തേക്ക് കുതിച്ചെത്തി ; സമരത്തിന് വീര്യം പകരാൻ. ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ലായ സ്ത്രീകൾ, കോർപ്പറേറ്റ് ചൂഷണത്തിന് ഇരയാകാതിരിക്കാൻ ആണ് ഈ സമരം നടത്തുന്നത്. ഓക്സ്ഫാം ഇന്ത്യയുടെ കണക്കനുസരിച്ച് , 85% ഗ്രാമീണ സ്ത്രീകളും കാർഷികമേഖലയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും 13% പേർക്ക് മാത്രമേ ഭൂമി ഉടമസ്ഥതയിലുള്ളൂ. സ്ത്രീകളെ കർഷകരായി കാണുന്നില്ല എന്നതാണ് സത്യം. അവരുടെ അധ്വാനം വളരെ വലുതാണെങ്കിലും അദൃശ്യമാണ്.
കാർഷിക മേഖലയിലെ ലിംഗപരമായ അന്തരം സംബന്ധിച്ച് നടപടിയെടുക്കണമെന്ന് യു എൻ ഭക്ഷ്യ-കാർഷിക സംഘടന ആവശ്യപ്പെട്ടു. കാർഷിക വികസനവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിന് സ്ത്രീകളുടെ ശബ്ദങ്ങൾ ഉയർന്നുകേൾക്കണമെന്ന് അവർ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിലെ ലിംഗപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഒരു സവിശേഷ അവസരം കൂടിയാണിതെന്ന് പഞ്ചാബ് കിസാൻ യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി ഗുർനം സിംഗ് വെളിപ്പെടുത്തി. പഞ്ചാബിൽ നിന്ന് തിക്രിയിലെ സമര കേന്ദ്രത്തിലേക്ക് ഭർതൃമാതാവിനും കുട്ടിക്കുമൊപ്പം എത്തിയ കിരൺജിത് കൗറിന്‍റെയും സംഘത്തിന്‍റെയും ചിത്രത്തോടെയാണ് ആർട്ടിക്കിൾ ആരംഭിക്കുന്നത്. സ്ത്രീകൾ സമരമുഖത്തേക്ക് വരേണ്ടതും തങ്ങളുടെ സാന്നിധ്യം അറിയിക്കേണ്ടതും പ്രധാനപ്പെട്ടകാര്യമാണെന്നാണ് കിരൺജിത് പറയുന്നത്. തനിക്ക് രണ്ട് പെൺമക്കളാണ്. ശക്തരായ സ്ത്രീകളായി അവരെ വളർത്തേണ്ടതുണ്ടെന്നും അവർ പറയുന്നു. 20 സ്ത്രീകളടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇവർ ഫെബ്രുവരി 23ന് തിക്രിയിലെത്തിയത്.
അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത പഞ്ചാബിലെ ഒരു കർഷകന്‍റെ വിധവയായ അമൻദീപ് കൗർ, എഴുപതിന് വയസിന് മുകളിലുള്ള കർഷക സ്ത്രീകൾ തുടങ്ങിയവരുടെയെല്ലാം ജീവിതങ്ങളും മാസികയിൽ ഇടംപിടിച്ചിട്ടുണ്ട്. കർഷക സമരത്തിന് പിന്തുണയുമായാണ് താൻ ഇവിടെ എത്തിയതെന്ന് കേരളത്തിൽ നിന്നുള്ള ആക്ടിവിസ്റ്റ് ആയ ബിന്ദു അമ്മിണി പറഞ്ഞു. രണ്ട് മാസത്തിലേറെയായി സമരം ചെയ്യുന്ന ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നുള്ള സർജിത് കൗറും, ദിൽബിർ കൗറും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതുവരെ പോരാടുമെന്ന് തുറന്ന് പറഞ്ഞു.
Leave a Reply