ലണ്ടന്‍: സ്ത്രീകളിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ കണ്ടെത്താന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് എളുപ്പം സാധിക്കുമെന്ന് പഠനം. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ച സ്ത്രീകളുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീ ശരീരത്തിലെ രോഗലക്ഷണങ്ങള്‍ കൃത്യതയോടെ മനസിലാക്കുന്നതില്‍ പരാജയപ്പെടുന്നതായി ബോധ്യപ്പെട്ടുവെന്ന് ഗവേഷണസംഘം വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയാതിരിക്കുന്നതോടെ പുരുഷ ഡോക്ടര്‍മാര്‍ക്ക് ചികിത്സയും നിര്‍ദേശിക്കാന്‍ കഴിയാതെ വരുന്നു.

പുരുഷ ഡോക്ടര്‍മാരുടെ അടുക്കല്‍ ഹൃദയരോഗത്തിന് ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് രോഗം മൂര്‍ച്ഛിക്കാനോ അപകടം സംഭവിക്കാനോ കൂടുതല്‍ സാധ്യതയുള്ളതായി പഠനം വ്യക്തമാക്കുന്നു. പുരുഷ ഡോക്ടര്‍മാര്‍ ചികിത്സിച്ച 13.3 ശതമാനം സ്ത്രീകളായ ഹൃദയ രോഗികളും മരണത്തിന് കീഴടങ്ങിയിട്ടുള്ളവരാണ്. എന്നാല്‍ വനിതാ ഡോക്ടര്‍മാരുടെ അടുക്കല്‍ ചികിത്സ തേടിയെത്തിയവരില്‍ 12 ശതമാനം പേര്‍ക്ക് മാത്രമെ മരണം സംഭവിച്ചിട്ടുള്ളുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കാഷ്വാലിറ്റിയില്‍ അഡ്മിറ്റ് ചെയപ്പെടുന്ന സ്ത്രീകളെ പരിശോധിക്കുന്ന മിക്ക ഡോക്ടര്‍മാരിലും അവരിലെ അപകട സാധ്യത വ്യക്തമാക്കുന്ന അടയാളങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതായി ഗവേഷകര്‍ പറയുന്നു.

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്ന പുരുഷനും സ്ത്രീക്കും വ്യത്യസ്ഥമായ വേദനയും ശരീര ചലനങ്ങളുമാണ് ഉണ്ടാകുന്നത്. ഇത് കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ രോഗിക്ക് മരണം വരെ സംഭവിച്ചേക്കാം. സ്ത്രീയുടെ ശരീരഘടനയെ കൃത്യമായി മനസിലാക്കാന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നുവെന്നതാണ് ഗവേഷണം ഫലം വ്യക്തമാക്കുന്നതെന്ന് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്ക ആസ്ഥാനമായിട്ടുള്ള ഒരു സ്ഥാപനം നടത്തിയ പഠനത്തിനായി ഏതാണ്ട് 582,000 മെഡിക്കല്‍ റെക്കോഡുകളാണ് പരിശോധിച്ചത്. 1991 മുതല്‍ 2010 വരെ ഫ്‌ളോറിഡയില്‍ സംഭവിച്ചിട്ടുള്ള ഹാര്‍ട്ട് അറ്റാക്ക് കേസുകളാണ് ഗവേഷണത്തിനായി തെരെഞ്ഞെടുത്തത്.