എസ് ഐയുടെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ഭാര്യ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡിജിപി ഓഫീസില്‍ എസ് ഐ റാങ്കില്‍ ജോലി ചെയ്യുന്ന ബാസ്റ്റിന്‍ ജോണ്‍സന്‍ എന്ന ഉദ്യോഗസ്ഥന്റെ ഭാര്യ സൂസന്‍ തോമസാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലസ്ഥാനത്ത് മ്യൂസിയത്തിന് സമീപത്തായാണ് 32കാരി സൂസന്‍ തോമസ് താമസിക്കുന്നത്. ബാസ്റ്റിന്‍ ജോണ്‍സന് എതിരെ പരാതിയുമായി ഏറെ കാലമായി സൂസന്‍ പലയിടങ്ങളില്‍ കയറിയിറങ്ങുകയാണ്.

എന്നാല്‍ ഭര്‍ത്താവിന്റെ ഉന്നത സ്വാധീനം മൂലം ഒരിടത്ത് നിന്നും സൂസനു നീതി ലഭിച്ചില്ല. ലൈംഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഭര്‍ത്താവ് തന്നെ ഉപയോഗിച്ചിരുന്നത് എന്ന് പരാതിയില്‍ പറയുന്നു. ക്രൂരമായ പീഡനവും പ്രകൃതി വിരുദ്ധ ലൈംഗീകതയുമായിരുന്നു ചെയ്ത് വന്നത്.

സൂസനെ 115 പവന്‍ സ്ത്രീധനം നല്കിയായിരുന്നു എസ് ഐ കൂടിയായ ബാസ്റ്റിന്‍ ജോണ്‍സനു വിവാഹം ചെയ്ത് നല്കിയത്. എന്നാല്‍ ഭര്‍ത്താവ് കൂടുതല്‍ സ്ത്രീ ധനത്തിനും ഭൂമിക്കുമായി വഴക്ക് കൂടാന്‍ തുടങ്ങി. പണം വാങ്ങി കൊണ്ട് വരാനും ഭൂമി വാങ്ങാന്‍ പറഞ്ഞ് നിരന്തിരം ഉപദ്രവിക്കുമായിരുന്നുവെന്ന് സൂസന്‍ പരാതിയില്‍ പറയുന്നു.

എന്നാല്‍ കുറച്ച് കാലമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. എന്നാല്‍ ഇതിനിടെ കഴിഞ്ഞ ദിവസം ബാസ്റ്റിന്‍ എത്തി കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട് സൂസന്‍ തോമസ് മ്യൂസിയം പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ഇരുവരേയും മ്യൂസിയം പോലീസില്‍ വിളിപ്പിച്ചു എങ്കിലും ബാസ്റ്റിന്‍ സ്റ്റേഷനില്‍ വച്ചും സൂസന് നേരെ തട്ടി കയറി.

ഒടുവില്‍ മ്യൂസിയം പോലീസ് പരാതിക്കാരിക്ക് മുന്നില്‍ കൈമലര്‍ത്തുകയും കോടതിയില്‍ സ്വകാര്യ അന്യായം കൊടുക്കൂ എന്നും പോലീസിനു ഒന്നും ചെയ്യാന്‍ ആവില്ലെന്നും പറഞ്ഞയച്ചു. മാത്രമല്ല ഭാര്യ മറ്റുള്ളവരുടെ കൂടെ പോകുന്ന ആളാണെന്ന് ബാസ്റ്റിന്‍ പറഞ്ഞ് പരത്തി. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂരത സഹിക്കാന്‍ വയ്യാതെ ആയതോടെ സൂസന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

സൂസന്‍ തോമസിന്റെ ആത്മഹത്യാ കുറിപ്പ്

ഇ ഫോട്ടോയില്‍ കാണുന്നത് എന്റെ husband ആണ് phq tvm si ആണ് കഴിഞ്ഞ 10വര്‍ഷം എന്നെ ദ്രോഹിക്കാന്‍ കഴിയുന്നതിന്റെ maximum ദ്രോഹിച്ചു. ശാരീരികമായും മനസികമായും, എനിക്ക് അമ്മ ഇല്ല, അച്ഛന്‍ എന്റെ കല്ല്യാണം കഴിപ്പിച്ചു കഴിഞ്ഞു വേറെ കല്യാണം കഴിച്ച് അവരുടെ കാര്യം നോക്കി ജീവിക്കുന്നു. എനിക്കു ആരും ഇല്ല എന്നത് ആണ് എന്റെ husband ധൈര്യം.

ഇവിടെ ജീവിക്കാന്‍ പറ്റില്ല എന്ന് മനസിലായി , ജീവിച്ചേ പറ്റു എന്റെ മക്കള്‍ക്കു വേണ്ടി , അതുകൊണ്ട് എന്റെ മക്കളെയും കൊണ്ട് ഇവിടെ നിന്ന് ഇറങ്ങി എന്റെ കൊട്ടിയത് വീട്ടില്‍ പോയി. എനിക്ക് ഒരു സഹോദരന്‍ ഉണ്ട്. എന്റെ husband പറയുന്നത് മാത്രമേ കേള്‍ക്കു. ഒരുമിച്ചാണ് കള്ള് കുടിയും പ്രശനങ്ങളും ആണ്, എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. husband കൂടെ പോകാന്‍ നിര്‍ബന്ധിക്കുകയും അടിക്കുകയും ഒക്കെ ചെയ്തു. ആരും കൂടെ ഉണ്ടാവില്ല എന്ന് എനിക്ക് മനസിലായപ്പോള്‍ എന്റെ അമ്മ ഉണ്ടായിരുന്നു എങ്കില്‍ എനിക്കു ഇങ്ങനെ ഒരു അവസ്ഥ വരില്ല ആയിരുന്നു.

സഹോദരനെ പേടിച്ചു ഞാന്‍ എന്റെ മക്കളെയും കൊണ്ട് തിരിച്ചു tvm വന്നു. എന്റെ ഒരു ഫ്രണ്ടും അവളുടെ husband ആണ് എന്റെ കൂടെ നില്കുന്നത്. അവരെയും 2 പേരും കൂടെ ചേര്‍ന്ന് ഒരുപാട് ഭീഷണിപെടുത്തി. അവളുടെ husband നെയും എന്നെയും വെച്ച് മോശമായി, എനിക്ക് അറിയാവുന്ന എല്ലാരേയും വിളിച്ചു എന്നെ പറ്റി അനാവശ്യം പറഞ്ഞു. എന്റെ ഫോണ്‍ പിടിച്ചു മേടിച്ച് കൊണ്ട് പോയി, cyber cell കൊണ്ട് പോയി ഒക്കെ ചെക്ക് ചെയുമായിരുന്നു.

എന്റെ മക്കളെ എന്റെ കൈയില്‍ നിന്നും നാളെ കൊണ്ട് വരാം എന്ന് പറഞ്ഞു കൊണ്ട് പോയി 5ദിവസം. ഇന്നലെ ഞാന്‍ മക്കളെ കാണാന്‍ അവരുടെ വീട്ടില്‍ പോയി. നാട്ടുകാര്‍ എല്ലാരും വന്നു അവിടത്തെ councillor ഒക്കെ വന്നു അതിന് ശേഷം ആണ് എനിക്ക് ഒന്ന് കാണിച്ചു തന്നത്.

പരാതി കൊടുത്തു. ഇപ്പോഴും സ്റ്റേഷനില്‍ പോയിട്ട് ആണ് വന്നത് ഞാന്‍. എല്ലായിടത്തും husband si ആയത് കൊണ്ട് എനിക്ക് ഒരിടത്തും അര്‍ഹിക്കുന്ന നീതി കിട്ടുന്നില്ല. എനിക്ക് ചെറിയൊരു കേക്കിന്റ ബിസ്നസ് ഉണ്ടായിരുന്നു. അത് കൊണ്ട് ആണ് ഞാനും എന്റെ മക്കളും ജീവിച്ചിരുന്നത്. എനിക്ക് 100പവന് മുകളില്‍ ഗോള്‍ഡ് തന്ന് ആണ് കല്ല്യാണം നടത്തിയത്. എല്ലാം husband കൊണ്ട് പോയി. എനിക്ക് ഇത് ഒന്നും വേണ്ട ആയിരുന്നു, എന്റെ മക്കളെ മാത്രം മതിയായിരുന്നു.

എനിക്ക് ആരുമില്ലേ എന്റെ സഹോദരനും husband ഉം ജയിച്ചു, ആരുമില്ലാത്ത ഞാന്‍ തോറ്റു ജീവിക്കണം എന്ന് തോന്നിയത് എന്റെ മക്കള്‍ക്ക് വേണ്ടി ആണ്. അവരെ എനിക്ക് തരില്ല, നിയമം അധികാരം ഉള്ളവരുടെ കൂടെ ആണ് ഇവിടെ പെണ്ണിന് ഒരിക്കലും സുരക്ഷ ഇല്ല. എല്ലാം വെറുതെ ആണ് എല്ലാം അവരുടെ കൈയില്‍ ആണ് .

ഇ ഗതി ഒരു പെണ്ണിനും വരരുത് , എന്നോട് കാണിച്ചത് പോലെ ഒരു husband ഉം സഹോദരനും ഒരു പെണ്ണിനോടും കാണിക്കരുത്. ഞാന്‍ പോകുന്നു ഇനി ആരുടെയും ഇടയില്‍ ഞാന്‍ ഇല്ല എന്റെ മക്കളെ നോക്കണം, എന്റെ മക്കള്‍ ഇല്ലാതെ ഞാന്‍ ജീവിക്കില്ല … എന്റെ മരണത്തിന് കാരണക്കാര്‍ എന്റെ സഹോദരനും എന്റെ husband ഉം ആണ്..