ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ വർഷവും നിരവധി പേർക്കാണ് യുകെയിൽ ഗർഭാശയമുഖ ക്യാൻസർ തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ 50 വയസ്സിൽ താഴെയുള്ളവർക്ക് ഗർഭാശയ ക്യാൻസർ തിരിച്ചറിയുന്നതിനുള്ള പരിശോധനകൾ നടത്തുന്നത് പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും സഹായിക്കും. എന്നാൽ എൻഎച്ച്എസ് തുടർച്ചയായി നടത്തുന്ന ഇത്തരം പരിശോധനകളോട് സ്ത്രീകൾ മുഖം തിരിഞ്ഞു നിൽക്കുന്നതായുള്ള വിവരങ്ങൾ കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

50 വയസ്സിൽ താഴെ പ്രായമുള്ള മൂന്നിലൊന്നു പേരും സെർവിക്കൽ ക്യാൻസർ പരിശോധനകളിൽ പങ്കെടുത്തിട്ടില്ലെന്നാണ് എൻഎച്ച്എസ് അറിയിച്ചിരിക്കുന്നത്. ഓരോ വർഷവും 3200 സ്ത്രീകൾക്കാണ് സെർവിക്കൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിക്കുന്നവരിൽ 850 പേരെങ്കിലും പ്രതിവർഷം മരണത്തിന് കീഴടങ്ങുന്ന ഗുരുതര സാഹചര്യവും രാജ്യത്തുണ്ട്. ബ്രിട്ടനിലെ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസർ രോഗങ്ങളിൽ 14 -ാം മത്തെ സ്ഥാനമാണ് സെർവിക്കൽ ക്യാൻസറിനുള്ളത്. 30 നും 34 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഗർഭാശയമുഖത്ത് അർബുദ കോശങ്ങൾ ഉണ്ടാകുകയും വളരുകയും ചെയ്യുന്നതിലൂടെയാണ് സെർവിക്കൽ ക്യാൻസർ അപകടകരമായി മാറുന്നത്. അർബുദ കോശങ്ങളെ നേരത്തെ കണ്ടെത്തിയില്ലെങ്കിൽ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കും. 25നും 49 നും ഇടയിൽ പ്രായമുള്ള 11 ദശലക്ഷം സ്ത്രീകളിൽ 65.8 ശതമാനം പേരും എൻഎച്ച്എസ്സിന്റെ പരിശോധനകളിൽ പങ്കെടുത്തിരുന്നു. 50 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവരിൽ 74.1 ശതമാനം പേരാണ് പരിശോധനകളിൽ പങ്കെടുത്തത്. പ്രായമായവരുമായി താരതമ്യം ചെയ്യുമ്പോൾ പരിശോധനയിൽ പങ്കെടുക്കാത്തവരുടെ എണ്ണത്തിൽ കുറവുള്ളത് 50 വയസ്സിൽ താഴെയുള്ളവരിലാണെന്നത് ഗുരുതരമായി കാണണമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാരണം ഈ പ്രായത്തിലുള്ളവരിലാണ് രോഗം വരാൻ സാധ്യത കൂടുതലുള്ളത്. 2040-ഓടെ ഗർഭാശയ അർബുദം തുടച്ചുനീക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ മേധാവി അമൻഡ പ്രിച്ചാർഡ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.