യുവതിയെ കൊലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്തിയ സംഭവം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആലുവ യുസി കോളജിനു താഴെ കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍, പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ 2019 ഫെബ്രുവരി 11നാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയത്.

ലോക്കല്‍ പൊലീസ് ഒരു വര്‍ഷം അന്വേഷിച്ചിട്ടും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനോ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ റൂറല്‍ എസ്പി ശുപാര്‍ശ ചെയ്യുകയായിരുന്നു. വൈകിട്ട് പുഴയില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു പിന്നാലെ നാട്ടുകാരും പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തപ്പോഴാണു യുവതിയുടേതാണെന്നു തിരിച്ചറിഞ്ഞത്.

യുവതിയുടെ ശരീരത്തിൽ കണ്ട വസ്ത്രങ്ങൾ

രണ്ടുദിവസം പഴക്കം തോന്നുന്ന ശരീരം അഴുകിത്തുടങ്ങിയിരുന്നു. പച്ചനിറമുള്ള ട്രാക്ക് സ്യൂട്ടും കടും നീല ബനിയനുമാണു മൃതദേഹത്തിലെ വേഷം. കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലായിരുന്നു. ഒഴുക്കിനെ അതിജീവിച്ചു മരക്കുറ്റിയില്‍ കുരുങ്ങിക്കിടന്ന മൃതദേഹത്തിന്റെ അഴുകിയ കൈ പുതപ്പിനുള്ളില്‍ നിന്നു പുറത്തേക്കു തള്ളിനിന്നിരുന്നു. പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാര്‍ ബോട്ടം വായില്‍ തിരുകിവച്ചിരുന്നു.

ശരീരം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലിന് 40 കിലോ ഭാരമുണ്ട്. കല്ലിനൊപ്പം കോണ്‍ക്രീറ്റിന്റെ ഭാഗങ്ങളുമുണ്ട്. ഇത് എവിടെനിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്നാണു നിഗമനം. ഇത്ര വലിയ കല്ല് കെട്ടിയിട്ടും ഉള്ളില്‍ വായു രൂപപ്പെട്ടതിനാല്‍ മൃതദേഹം പുഴയുടെ അടിത്തട്ടിലേക്കു താഴ്ന്നുപോകാതിരുന്നതാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്.

സംഭവത്തിനു പിന്നില്‍ മധ്യവയസ്കരായ സ്ത്രീയും പുരുഷനുമാണെന്ന് രണ്ടു ദിവസത്തിനുള്ളില്‍ പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ വരയന്‍ പുതപ്പും പ്ലാസ്റ്റിക് കയറും കളമശേരിയിലെ രണ്ടു കടകളില്‍ നിന്നു വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പുതപ്പിലുണ്ടായിരുന്ന ടാഗിലെ ബാര്‍ കോഡും കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാരി നല്‍കിയ വിവരങ്ങളുമാണ് കട കണ്ടെത്താന്‍ സഹായകമായത്. മൃതദേഹം കടത്തിയ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും നമ്ബര്‍ വ്യക്തമായിരുന്നില്ല. കൊല്ലപ്പെട്ടതു വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയാണെന്നാണ് പ്രാഥമിക നിഗമനം.

ശാരീരിക പ്രത്യേകതകള്‍, മുടിയുടെ സ്വഭാവം, നഖങ്ങളിലെ പോളിഷ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കാണാതായ യുവതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ചൈനീസ് റസ്റ്ററന്റുകള്‍, ബ്യൂട്ടി സലൂണുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പോസ്റ്റ്മോര്‍ട്ടം ചിത്രങ്ങള്‍ വച്ച്‌ യുവതിയുടെ രേഖാചിത്രം തയാറാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചെങ്കിലും തുമ്ബൊന്നും ലഭിച്ചിരുന്നില്ല. ലോക്കല്‍ പൊലീസിന് കാര്യമായ തെളിവൊന്നും ലഭിക്കാതെ വഴിമുട്ടിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.