ഓപ്പണർമാർ വെടിക്കെട്ട് പ്രകടനവുമായി കളം നിറഞ്ഞ വനിതാ ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 185 റൺസ് വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെന്ന സ്കോറിലെത്തിയത്. ഓപ്പണർമാരായ എലിസ ഹീലിയും ബെത്ത് മൂണിയും കങ്കാരുപ്പടയ്ക്കായി അർധസെഞ്ചുറി തികച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ തോൽവിയിലേക്കെന്നു സൂചന നൽകി അഞ്ചോവർ പൂർത്തിയാകുമ്പോൾ മുന്ന് വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലാണ്
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായിക മെഗ് ലാന്നിങ്ങിന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാരുടെ പ്രകടനം. ഇന്ത്യൻ ബോളർമാരെ നിരന്തരം ബൗണ്ടറി പായിച്ച ഹീലി-മൂണി സഖ്യം അതിവേഗം സ്കോർബോർഡ് ഉയർത്തി.
ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ഓസ്ട്രേലിയ കുതിപ്പിന് കടിഞ്ഞാണിട്ടത് 12-ാം ഓവറിൽ രാധ യാദവായിരുന്നു. 39 പന്തിൽ 75 റൺസെടുത്ത ഹീലിയെ രാധ വേദ കൃഷ്ണമൂർത്തിയുടെ കൈകളിൽ എത്തിച്ചു. ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്സ്. മത്സരത്തിൽ ആദ്യമായി ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്ന ഒരു സാഹചര്യമുയർന്നത് അപ്പോഴാണ്.
എന്നാൽ മൂന്നാം നമ്പരിലെത്തിയ നായിക മെഗ് ലാന്നിങ്ങിനെ കൂട്ടുപിടിച്ച് ബെത്ത് മൂണി അക്രമണം തുടർന്നു. അതേസമയം 17-ാം ഓവറിൽ പന്തെറിയാനെത്തിയ ദീപ്തി ശർമ രണ്ട് വിക്കറ്റുമായി ഇന്ത്യയെ മതത്സരത്തിലക്ക് തിരികെയെത്തിച്ചു. മെഗ് ലാന്നിങ്ങിനെ ശിഖ പാണ്ഡെയുടെ കൈകളിൽ എത്തിച്ച ദീപ്തിയുടെ അഞ്ചാം പന്തിൽ ആഷ്ലി ഗാർഡ്നറെ താനിയ ഭാട്ടിയ സ്റ്റംമ്പ് ചെയ്ത് പുറത്താക്കി. ഇതോടെ ഓസ്ട്രേലിയയുടെ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു.
പുറത്താകാതെ നിന്ന ബെത്ത് മൂണി 54 പന്തിൽ 78 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ് സ്കോററായി. പത്ത് ഫോറാണ് താരം പായിച്ചത്. റേച്ചൽ ഹെയ്ൻസ് നാല് റൺസുമായി കൂടാരം കയറിയപ്പോൾ നിക്കോള കരേ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശർമ രണ്ട് വിക്കറ്റ് നേടിയപ്പോൾ പൂനം യാദവ് രാധ യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
Leave a Reply