ന്യൂസ് ഡെസ്ക് മലയാളം യുകെ
വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ടൂർണമെന്റിലെ അരങ്ങേറ്റക്കാരായ ഹെയ്തിക്കെതിരെ ഇംഗ്ലണ്ടിന് മികച്ച പോരാട്ടം കാഴ്ച വയ്ക്കാൻ സാധിച്ചില്ലെങ്കിലും വിജയത്തിൽ ടീം പിടിച്ചുനിന്നു. ജോർജിയ സ്റ്റാൻവേയുടെ രണ്ടാം പെനാൽറ്റി കിക്കാണ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്. ഹെയ്തി ഗോൾകീപ്പർ കെർലി തെയസ് പെനാൽറ്റിയുടെ ആദ്യ ശ്രമത്തിൽ നേരത്തെ തന്നെ തന്റെ ലൈനിൽ നിന്ന് മാറിപ്പോയതായി വീഡിയോ അസിസ്റ്റന്റ് റഫറിവിലയിരുത്തിയതിന് പിന്നാലെ രണ്ടാം അവസരം ലഭിക്കുകയായിരുന്നു. 2022 യൂറോയിൽ ഓസ്ട്രിയയ്‌ക്കെതിരായ ഓപ്പണിംഗ് മത്സരത്തിലെ പ്രകടനത്തോടെ സമാനമായിരുന്നു ഇംഗ്ലണ്ടിന്റെ ഇന്നത്തെ കളി.
ലോക റാങ്കിങ്ങിൽ 53-ാം സ്ഥാനക്കാരാണ് ഹെയ്തി. കളിയിൽ ഹെയ്തി നല്ല ഡിഫൻസ് ആണ് കാഴ്ച്ചവച്ചത്. കളിക്കാരിൽ മെൽച്ചി ഡുമോർനെ എന്ന പത്തൊൻപതുകാരിയുടെ പ്രകടനം കാണികളുടെ ശ്രദ്ധ നേടിയിരുന്നു. മെൽച്ചി ഡുമോർനെയുടെ നീക്കങ്ങൾ ഇംഗ്ലണ്ടിനെ പ്രതിരോധത്തിൽ ആക്കിയിരുന്നു. അതേസമയം കാൽമുട്ടിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മില്ലി ബ്രൈറ്റ് ബുദ്ധിമുട്ടി.
രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ ഇംഗ്ലണ്ടിന് അവസരങ്ങൾ ലഭിച്ചിരുന്നു. ഇംഗ്ലണ്ട് ഗോൾകീപ്പർ മേരി ഇയർപ്‌സ് മികച്ച സേവിങ്ങിലൂടെ റോസ്‌ലിൻ എലോയ്‌സെയ്‌ന്റിന്റെ സ്‌ട്രൈക്ക് ക്ലോസ് റേഞ്ചിൽ നിന്ന് പുറത്താക്കി. ഏറ്റവും ഒടുവിൽ നടന്ന മത്സരങ്ങളിൽ പോർച്ചുഗലിനും ഓസ്‌ട്രേലിയയ്‌ക്കുമെതിരെ മോശം പ്രകടനം കാഴ്ച്ചവച്ചതിന് പിന്നാലെയാണ് ടീം ഓസ്‌ട്രേലിയയിലെത്തിയത്.
Leave a Reply