സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ഒരു രീതിയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ വിമര്‍ശിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ലോകസമൂഹത്തില്‍ കേരളത്തെ അപീര്‍ത്തിപ്പെടുത്തിയതിന് തുല്യമാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം എന്ന് പിണറായി വിജയൻ പറഞ്ഞു.

സാധാരണ ഇതേവരെയുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാറില്ല. ഇന്ന് കണ്ട ഒരു വാര്‍ത്ത നമ്മുടെ നിപ പ്രതിരോധത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാനപനത്തിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയെന്നാണ്. ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത് കേരളം മാത്രമല്ല ലോകം മുഴുവന്‍ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റര്‍ ലിനി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിപക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് ആ സഹോദരി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബം എന്ന രീതിയിലാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവന്‍ അങ്ങനെയാണ് കാണുന്നത്. അതിനെ അഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല ആ കുടുംബത്തെ വേട്ടയാടാതെ ഇരുന്നുകൂടെ. എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നാണ് മനസ്സിലാകാത്തത്. ഏറ്റവും വലിയ പ്രതിസന്ധി കാലത്ത് തന്റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു. അതിന്റെ പേരിലാണ് ഈ പ്രതിഷേധം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്മുടെ സഹോദരങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴും എന്ന് ഭയപ്പെട്ട നിപയെന്ന മാരകരോഗത്തെ ചെറുത്തുതോല്പിച്ചതിന്റെ അനുഭവം ഓര്‍ക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിയുന്ന ആദ്യമുഖം ലിനിയുടെതാണ്. നിപയെ ചെറുക്കാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തില്‍ ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്. ആ മന്ത്രിയെ നിപ രാജകുമാരി, കോവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ ആദ്യം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമായും ലിനിയുടെ കുടുംബത്തില്‍ നിന്നാകും.

ആ കുടുംബത്തിനെതിരെ സമരം നടത്തുന്നതിലേക്ക് അധഃപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മമാണ് നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിന്റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് ഒരു രീതിയിലും അനുവദിക്കില്ലെന്നും സിസിറ്റര്‍ ലിനി കേരളത്തിന്റെ സ്വത്താണ്, ആ കുടുംബത്തോടും കുഞ്ഞുമക്കളോടും ഭര്‍ത്താവ്‌ സജീഷിനോടും ഒപ്പമാണ് കേരളമെന്നും അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും ഈ നാട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.