കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോം; അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോം; അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം
April 17 03:09 2021 Print This Article

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാന്‍ അനുമതിയായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ തീരുമാനത്തിന് അനുമതി നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

അണ്ടര്‍ സെക്രട്ടറി മുതല്‍ താഴെ തട്ടില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ നിയമം ബാധകമാകുക. ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുസരിച്ച് ജോലി ചെയ്യാം. ടെലിഫോണ്‍ വഴിയോ മറ്റ് ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങള്‍ വഴിയോ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 30 വരെ ഇത് തുടരും.

എന്നാല്‍ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ളവര്‍ പതിവായി ഓഫീസില്‍ വരണം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വരുന്നവര്‍ക്ക് ഓഫീസില്‍ വരുന്നതിലുള്ള ഇളവ് തുടരും. പതിവായി ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. ഭരണതലത്തില്‍ കൂടുതല്‍ ആളുകള്‍ വേണമെന്ന് കണ്ടാല്‍ വകുപ്പ് തലവന്മാര്‍ക്ക് നടപടി സ്വീകരിക്കാവുന്നതാണ്.

45 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ വാക്സിന്‍ എടുത്തു എന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആള്‍ക്കൂട്ടം കുറയ്ക്കാന്‍ സമയക്രമത്തില്‍ മാറ്റം വരുത്താവുന്നതാണ്. വിവിധ ഷിഫ്റ്റുകള്‍ എന്ന തരത്തില്‍ സമയക്രമത്തില്‍ മാറ്റം വരുത്തി ഒരേ സമയം ഓഫീസില്‍ നിരവധി ജീവനക്കാര്‍ വരുന്നത് ഒഴിവാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles