വികസിത ലോകത്ത് വരാനിരിക്കുന്ന ഓട്ടോമേഷന്‍ വിപ്ലവം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്. പാശ്ചാത്യലോകത്തെ മുന്‍നിര തിങ്ക്ടാങ്കായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ ഡവലപ്‌മെന്റ് (ഒഇസിഡി) ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഓട്ടോമേഷന് അനുസൃതമായി പരിശീലനം നല്‍കിയില്ലെങ്കില്‍ 66 ദശലക്ഷം തൊഴിലാളികള്‍ക്ക് അത് ദുരിതമായിരിക്കും സമ്മാനിക്കുക. വരും വര്‍ഷങ്ങളില്‍ ഇത്രയും ജോലികള്‍ റോബോട്ടുകള്‍ ഏറ്റെടുക്കും. അതായത് 14 ശതമാനം ജോലികളും ഓട്ടോമേറ്റഡ് ആയി മാറും. മറ്റൊരു 32 ശതമാനം ജോലികളുടെ സ്വഭാവം തന്നെ മാറുമെന്നും തിങ്ക്ടാങ്ക് പറയുന്നു.

32 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ വളരെ ദുര്‍ബല വിഭാഗത്തില്‍പ്പെടുത്താവുന്ന ഏഴിലൊന്ന് ജീവനക്കാര്‍ക്ക് പുതിയ രീതികള്‍ക്ക് അനുസൃതമായ പരിശീലനം ലഭ്യമാകില്ല. മറ്റുള്ളവരുടെ ജോലി സുരക്ഷിതമാകുകയും ചെയ്യുമെന്ന് പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. ഓട്ടോമേഷനില്‍ രാജ്യങ്ങളനുസരിച്ച് വ്യത്യാസങ്ങളുണ്ട്. സ്ലോവാക്യയിലെ 33 ശതമാനം ജോലികളും ഓട്ടോമേഷന് വിധേയമാകാന്‍ സാധ്യതയുള്ളവയാണ്. അതേസമയം നോര്‍വേയില്‍ ഇത് 6 ശതമാനം മാത്രമാണ്.

ആംഗ്ലോ-സാക്‌സണ്‍, നോര്‍ഡിക് രാജ്യങ്ങളിലെയും നെതര്‍ലാന്‍ഡ്‌സിലെയും തൊഴിലുകള്‍ സൗത്ത്, ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ജര്‍മനി, ചിലി, ജപ്പാന്‍ എന്നിവയേക്കാള്‍ ഓട്ടോമേഷന്‍ സാധ്യത കൂടുതലുള്ളവയാണ്. ഓട്ടോമേഷന്‍ വളരെ കുറച്ചു മാത്രമുണ്ടാകാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ബ്രിട്ടനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കിലും പത്തിലൊന്ന് ജോലികള്‍ പ്രതിസന്ധിയിലാണെന്നും നാലിലൊന്ന് ജോലികളുടെ സ്വഭാവത്തില്‍ മാറ്റം വരാമെന്നും തിങ്ക്ടാങ്ക് പറയുന്നു.