മാര്‍ക്കറ്റിങ് സ്ഥാപനമായ കെൽട്രയിൽ തൊഴിലാളികള്‍ അതിക്രൂര പീഡനങ്ങള്‍ക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജീവനക്കാരുടെ നേര്‍ക്ക് നടക്കുന്ന മനുഷ്യത്വരഹിതമായ നടപടികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടാര്‍ഗറ്റ് തികയ്ക്കാത്ത ജീവനക്കാരുടെ നേർക്ക് നടന്നത് കടുത്ത ക്രൂരതയെന്നാണ് പുറത്തുവരുന്ന വിവരം. ബെല്‍റ്റ് കഴുത്തില്‍കെട്ടി നായയെപ്പോലെ നടന്ന് പാത്രത്തിലെ വെള്ളം കുടിപ്പിക്കുക, ചീഞ്ഞ പഴങ്ങള്‍ നിലത്തുനിന്ന് നക്കിയെടുപ്പിക്കുക തുടങ്ങിയ കൊടിയ പീഡനങ്ങളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
വീടുകളില്‍ ഉത്പന്നങ്ങളുമായെത്തി വില്‍പ്പന നടത്തുന്ന മാർക്കറ്റിങ് ജീവനക്കാർക്കുനേരെയാണ് സ്ഥാപന ഉടമയുടെ ക്രൂരത. പാത്രത്തിനുള്ളില്‍ ഒരു നാണയത്തുട്ട് ഇട്ടിട്ടുണ്ടാകും. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് നായയെപ്പോലെ നടന്ന് പാത്രത്തിലെ നാണയത്തുട്ട് നക്കിയെടുക്കുക, നായയെപ്പോലെ നടന്ന് മുറിക്കുള്ളിലെ നാല് മൂലകളിലും നായ മൂത്രമൊഴിക്കുന്നതുപോലെ അഭിനയിക്കുക, പാന്റ് അഴിച്ചിട്ട് പരസ്പരം ലൈംഗിക അവയവത്തില്‍ പിടിച്ചു നില്ക്കുക, ഒരാള്‍ ചവച്ച് തുപ്പുന്ന പഴം നക്കിയെടുക്കുക, വായില്‍ ഉപ്പ് ഇടുക, തറയില്‍ നാണയം ഇട്ട് നക്കിയെടുത്ത് മുറിക്കകത്താകെ നടക്കുക തുടങ്ങി ക്രൂരമായ പീഡനങ്ങള്‍ക്കാണ് തൊഴിലാളികള്‍ വിധേയരായിരുന്നത്.
ടാർഗറ്റ് തികയാത്തതിന്റെ പേരിലാണ് ജീവനക്കാർക്ക് പീഡനം നേരിടേണ്ടിവരുന്നത്. അടുത്തദിവസം ടാർഗറ്റ് തികയ്ക്കാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടി. ഇതിനോട് പ്രതികരിക്കാൻ ജീവനക്കാർക്ക് ഭയമാണെന്ന് പീഡനം നേരിട്ട ജീവനക്കാരിലൊരാൾ പ്രതികരിച്ചു. ജീവനക്കാരോട് ഭീഷണിയുടെ രീതിയിലാണ് സംസാരിച്ച് വെച്ചിരിക്കുന്നത്. ടാര്‍ഗറ്റ് തികച്ചില്ലെങ്കിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇന്ന് സെയില്‍ മോശമായിരുന്നെങ്കില്‍ നാളെ മികച്ചതാക്കാനാണ് ഇതെല്ലാമെന്നാണ് അവര്‍ പറയുന്നതെന്ന് മുൻ ജീവനക്കാരന് പ്രതികരിച്ചു.
ആറായിരം മുതല്‍ എണ്ണായിരം രൂപവരെയാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കുന്നത്. ടാര്‍ഗറ്റ് തികച്ചാല്‍ പ്രൊമോഷനുകള്‍, വലിയ ശമ്പളം എന്നിവയെല്ലാം വാഗ്ദാനം ചെയ്തായിരുന്നു പീഡനം.
എറണാകുളം ജില്ലയില്‍ വിവിധ ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ കലൂര്‍ ജനതാ റോഡിലെ ശാഖയില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുമ്പും ഈ സ്ഥാപനത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സമാനമായ ചൂഷണങ്ങള്‍ നേരിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്ന് സ്ഥാപനത്തിന്റെ ഉടമയായ വയനാട് സ്വദേശി ഹുബൈല്‍ പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായിരുന്നു.
സ്ഥാപനത്തിലെ മാനേജര്‍മാരാണ് പീഡനത്തിന് നേതൃത്വം കൊടുക്കുന്നത്. സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരെയും പീഡനം നടന്നിരുന്നു. വിവരം പുറത്തുപറയാതിരിക്കാനായി സ്ഥാപന ഉടമയായ ഹുബൈല്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ കൈവശപ്പെടുത്തിയിരുന്നതായാണ് വിവരം. അതേസമയം, പ്രകടനം മെച്ചപ്പെടുത്താനുള്ള നടപടികളാണ് കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നാണ് കമ്പനി നല്കുന്ന വിശദീകരണം.
Leave a Reply