എംഎസ്‌സി നഴ്സിങ് പഠന ശേഷം ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നതിനിടെ ‘നീറ്റ്’ എഴുതി എംബിബിഎസ് പഠിച്ചയാളാണ് മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശിയായ ഡോ. അഹമ്മദ് കബീർ. കബീർ കാസർകോട് കുമ്പള സിഎച്ച്സിയിൽ അസിസ്റ്റന്റ് സർജനായി നിയമിതനായത് ഈ മാസം ആണ് .
പ്ലസ്ടു കഴിഞ്ഞ് മെഡിക്കൽ എൻട്രൻസ് എഴുതിയെങ്കിലും കിട്ടിയില്ല. തുടർന്ന് നഴ്സിങ്ങിൽ പിജി കഴിഞ്ഞ് പിഎസ്‌സി വഴി കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി; 2010ൽ. അപ്പോഴാണ് സർക്കാർ നഴ്സുമാർക്ക് ഒരു എംബിബിഎസ് സീറ്റ് റിസർവ് ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്. വർഷങ്ങളായി പലരും ആ അവസരം ഉപയോഗിച്ചിരുന്നില്ല. അപ്പോഴേക്കും വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞായിരുന്നു. പഠിക്കാൻ പോയാൽ ശമ്പളം മുടങ്ങും. എങ്കിലും 2013ൽ നീറ്റ് എഴുതി.
പ്ലസ്ടു കഴിഞ്ഞിട്ട് 11 വർഷത്തോളമായിരുന്നെങ്കിലും കോച്ചിങ്ങിനു പോയില്ല. ദിവസവുമുള്ള മലപ്പുറം– കണ്ണൂർ ട്രെയിൻ യാത്രയിലും മറ്റുമായി പഠിച്ചു. ഫിസിക്സായിരുന്നു അൽപം പ്രയാസം. എങ്കിലും കോഴിക്കോട്ട് അഡ്മിഷൻ കിട്ടി.
ശമ്പളമില്ലാത്ത അവധിയായിരുന്നു. ഭാര്യ ഷബീബ സ്വകാര്യമേഖലയിൽ നഴ്സായിരുന്നെങ്കിലും രണ്ടാമത്തെ കുഞ്ഞായപ്പോൾ ജോലി വിട്ടിരുന്നു. ഒരു വർഷം അങ്ങനെ പോയി. ചെലവുകളേറിയതോടെ ഷബീബ കുവൈത്തിൽ നഴ്സായി ജോലിക്കുപോയി. കൊച്ചുകുഞ്ഞ് ഉള്ളതിനാൽ ഞാൻ വീട്ടിൽനിന്നു കോളജിൽ പോയിവന്നു; ദിവസവും 80 കിലോമീറ്ററോളം യാത്ര. ആദ്യവർഷം ബയോകെമിസ്ട്രി പേപ്പർ കിട്ടിയില്ല. പഠന ശൈലി മാറ്റണമെന്ന് അപ്പോഴാണു മനസ്സിലായത്. പിന്നെ, പരീക്ഷാസമയത്തു കംബൈൻഡ് സ്റ്റഡിക്ക് ഹോസ്റ്റലിൽ നിന്നു. മൂന്നു വർഷത്തോളം കഴിഞ്ഞു ഷബീബ നാട്ടിലെത്തി. പിഎസ്‌സി വഴി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണിപ്പോൾ. മൂന്നു മക്കൾ: മൻഹ, ഹൻഫ, ദാവൂദ് മഹ്‌ദി.
എംബിബിഎസിനു ശേഷം തിരികെ നഴ്സിങ് ജോലിയിൽ ചേർന്നിരുന്നു; തലശ്ശേരിയിൽ. നഴ്സുമാരുടെ യൂണിഫോം ഇടാതെ, സാധാരണ ഡ്രസിനു മുകളിൽ കോട്ടിടാമെന്നു പറഞ്ഞു. ഐസിയുവിൽ ഉൾപ്പെടെ നഴ്സും ഡോക്ടറുമായി സേവനം ചെയ്യാൻ പറ്റി. പിന്നീടാണു ഡോക്ടറായുള്ള നിയമന ഉത്തരവു വന്നത്.
ഇത്തവണ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ കിട്ടിയവരിലുമുണ്ട് ഒരു നഴ്സ്– കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി എ. രേഖ (34). പത്തു വർഷത്തോളം നഴ്സിങ് ജോലി ചെയ്ത ശേഷമാണു മെഡിക്കൽ പഠനം.
Leave a Reply