ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്ഥിരമായി വർക്ക്- ഫ്രം- ഹോം രീതി നടപ്പിലാക്കുന്നത് ലിംഗ അസമത്വങ്ങൾക്ക് കാരണമാകുമോ?? കാരണമാകുമെന്നാണ് വിദഗ് ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുന്ന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ, തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് എത്തിക്കണോ വേണ്ടയോ എന്ന് ആശങ്കയിലാണ്. ഓൺലൈനും ഓഫ്‌ലൈനും കൂടിച്ചേർന്നുള്ള ഒരു സംവിധാനം നടപ്പിലാക്കുന്നതിനാണ് കൂടുതൽ തൊഴിലുടമകളും ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സംവിധാനം നടപ്പിലാക്കുന്നത് ലിംഗ സമത്വത്തെ ബാധിക്കുമെന്നാണ് വിദഗ് ധർ അഭിപ്രായപ്പെടുന്നത്. കൂടുതലും സ്ത്രീകൾ ആയിരിക്കും വർക്ക് -ഫ്രം- ഹോം രീതി തിരഞ്ഞെടുക്കുവാൻ സാധ്യതയുള്ളത് . പുരുഷന്മാരിൽ ഭൂരിഭാഗവും ഓഫീസിലെത്തി ജോലി ചെയ്യുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇത് സ്ത്രീകളുടെ കരിയറിനെ സാരമായ രീതിയിൽ ബാധിക്കും.
കോവിഡ് കാലഘട്ടം കഴിഞ്ഞാലും ഓൺലൈൻ രീതിയിലുള്ള ജോലി സംവിധാനം തുടരാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് മന്ത്രിമാരുടെ പദ്ധതി. ഇതേതുടർന്നാണ് ഇത്തരത്തിലുള്ള ചർച്ചകൾ ശക്തമായി ഉയർന്നു വരുന്നത്. ഓൺലൈൻ രീതി തെരഞ്ഞെടുക്കുന്നത് ഉത്തരവാദിത്ത ബോധത്തിലുള്ള വീഴ്ചയായി വിലയിരുത്തപ്പെടുമെന്നും, അതോടൊപ്പം തന്നെ തൊഴിലുടമകളുമായുള്ള ബന്ധം ഇത്തരത്തിലുള്ളവർക്ക് കുറയാനുള്ള സാധ്യതയുമുണ്ട്. എന്നാൽ നിലവിൽ ഇത്തരത്തിലുള്ള ഒരു സംവിധാനം തുടരാനാണ് സാധ്യതയെന്നാണ് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കിൽ ഗോവ് വ്യക്തമാക്കിയത്. ഉടൻതന്നെ സാധാരണ രീതിയിലേക്ക് എത്തുക എന്നത് തികച്ചും അപ്രാപ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ രീതിയെ പ്രോത്സാഹിപ്പിക്കുക എന്ന തീരുമാനമാണ് മന്ത്രിമാരിൽ ഭൂരിഭാഗം പേരും എടുത്തിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിന് ശക്തമായ എതിർപ്പുകളും പലഭാഗത്തുനിന്നും വരുന്നുണ്ട്.
Leave a Reply