ഒട്ടേറെ യുകെ മലയാളികൾ ആണ് ജോലിക്കായി യുകെയിൽ എത്തി കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം മലയാളികളും എൻഎച്ച്എസിലാണ് ജോലി ചെയ്യുന്നത്. സ്വകാര്യ കെയർ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ഭാര്യയും ഭർത്താവും കൂടി ജോലിക്ക് പോകുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ വളരെയേറെയാണ്. എങ്ങനെ വീട്ടിലെയും കുട്ടികളുടെയും കാര്യങ്ങൾ മുടക്കം ഇല്ലാതെ കൊണ്ടുപോകാം സാധിക്കും എന്നുള്ളത് എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്.

എന്നാൽ ഏപ്രിൽ മാസം മുതൽ തൊഴിലിടങ്ങളിൽ ഒട്ടേറെ നിയമങ്ങളിൽ മാറ്റങ്ങൾ വരുകയാണ്. ഈ മാറ്റങ്ങളിൽ പലതും ജീവനക്കാർക്ക് അനുകൂലമായുള്ളവയാണ് . ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നവരാണെങ്കിൽ ഫ്ലെക്സിബിൾ ഷിഫ്റ്റ് ലഭിക്കും എന്നത് ഒരു അനുഗ്രഹമാണ്. നേരത്തെ ഫ്ലെക്സിബിൾ ഷിഫ്റ്റ് എന്നത് ഒരു ആനുകൂല്യം ആയിരുന്നെങ്കിൽ ഏപ്രിൽ മുതൽ ഇത് ഒരു അവകാശമായി മാറുകയാണ് എന്ന പ്രത്യേകതയുമുണ്ട്. നിലവിൽ ജോലിസ്ഥലത്ത് 26 ആഴ്ചയെങ്കിലും തികച്ചവർക്കായിരുന്നു ഫ്ലെക്സിബിൾ ഷിഫ്റ്റിൻ്റെ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ഒരു ജീവനക്കാരന് ജോലി ആരംഭിക്കുമ്പോൾ തന്നെ ഫ്ലെക്സിബിൾ ഷിഫ്റ്റ് ലഭിക്കുന്നതിനുള്ള അവകാശം ഉണ്ട്. അതുപോലെതന്നെ ഫ്ലെക്സിബിൾ ഷിഫ്റ്റിനുള്ള അപേക്ഷ ലഭിച്ച്‌ രണ്ടു മാസത്തിനുള്ളിൽ തൊഴിലുടമ തീരുമാനം അറിയിച്ചിരിക്കണം എന്ന നിയമവും ഏപ്രിൽ മാസം മുതൽ നടപ്പിലാക്കും. നിലവിൽ ഇത് മൂന്നുമാസമാണ്.

WhatsApp Image 2024-12-09 at 10.15.48 PM

അതുപോലെ തന്നെ ഗർഭിണിയായതിന്റെ പേരിൽ ജോലി നഷ്ടമാകുന്നത് ഇനി യുകെയിൽ പഴങ്കഥയാവുകയാണ്. പുതിയ നിയമം ഗർഭിണികളോട് അനുഭാവപൂർണ്ണമായ സമീപനമാണ് പുലർത്തുന്നത്. 24 ആഴ്ച പ്രായമായ ഗർഭിണിക്ക് പൂർണ്ണമായും മറ്റേർണിറ്റി ലീവ് അടക്കമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് പുതിയ നിയമം പറയുന്നു. അബോർഷൻ നടത്തിയത് മൂലം ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ഒട്ടേറെ പരിഗണനയാണ് പുതിയ നിയമത്തിലുള്ളത്.

ഭാര്യ, ഭർത്താവ്, കുട്ടികൾ, മാതാപിതാക്കൾ തുടങ്ങിയ ഉറ്റ ബന്ധത്തിലുള്ളവർക്ക് അസുഖം ബാധിച്ചാൽ എടുക്കുന്ന കെയർ ലീവിലും ഉദാരമായ സമീപനമാണ് പുതിയ നിയമത്തിലുള്ളത്. ശമ്പളം വാങ്ങാതെ വർഷത്തിൽ ഒരാഴ്ച വരെ ഇങ്ങനെ ലീവ് എടുക്കാൻ സാധിക്കും.