ചൂട് പ്രശ്നമാക്കാതെ മെഡൽ ലക്ഷ്യമിട്ട് ഖലീഫ സ്റ്റേഡിയത്തിൽ അത്‍ലിറ്റുകൾ കുതിപ്പ് തുടങ്ങി. ആദ്യദിനം യോഗ്യതാ മത്സരങ്ങളായിരുന്നു കൂടുതൽ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മീറ്റ് ഉദ്ഘാടനം ചെയ്തു. പുരുഷ 100 മീറ്റർ ഉൾപ്പെടെ ഇന്ന് 4 ഫൈനലുകളുണ്ട്. ഇന്ത്യൻ താരം ദ്യുതി ചന്ദ് വനിതാ 100 മീറ്ററിന്റെ ആദ്യ റൗണ്ടിൽ ഇറങ്ങും. മിക്സ്ഡ് റിലേയുടെ ആദ്യ റൗണ്ടും ഇന്നാണ്.

ശ്രീശങ്കർ പുറത്ത്

പുരുഷ ലോങ്ജംപിൽ മലയാളിതാരം എം.ശ്രീശങ്കർ ഫൈനലിലെത്താതെ പുറത്തായി. 26 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ താരം 22–ാമതായിപ്പോയി. തന്റെ ആദ്യ ലോക ചാംപ്യൻഷിപ്പിന് ഇറങ്ങിയ ശ്രീശങ്കർ ആദ്യ ശ്രമത്തിൽ 7.52 മീറ്റർ ചാടി. രണ്ടാം ശ്രമത്തിൽ 7.62 മീറ്റർ. മൂന്നാം ശ്രമം ഫൗളായി. ക്യൂബയുടെ യുവാൻ മിഗ്വേൽ എച്ചെവറിയ 8.40 മീറ്റർ ചാടി യോഗ്യതാ റൗണ്ടിൽ ഒന്നാമനായി ഫൈനലിലെത്തി.

യുഎസിന്റെ ജെഫ് ഹെൻഡേഴ്സൻ (8.12 മീ), ജപ്പാന്റെ യുകി ഹഷിയോക (8.07), യുഎസിന്റെ സ്റ്റെഫിൻ മക്കാർട്ടർ (8.04), ദക്ഷിണാഫ്രിക്കയുടെ റസ്‌വാൾ സമായി (8.01), സ്പെയിനിന്റെ യൂസെബിയോ കാസെറസ് (8.01) എന്നിവർക്കു മാത്രമാണ് 8 മീറ്റർ കടക്കാനായത്. മലയാളിതാരത്തിന്റെ പേരിലുള്ള ഏറ്റവും മികച്ച പ്രകടനം 8.20 മീറ്ററിന്റെ ദേശീയ റെക്കോർഡാണ്. ഈ സീസണിലെ മികച്ച പ്രകടനമായ 8 മീറ്ററിലും താഴെയുള്ള പ്രകടനമാണു ശ്രീശങ്കർ ഇന്നലെ നടത്തിയത്.

ചരിത്ര റിലേ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി 4–400 മീറ്റർ മിക്സ്ഡ് റിലേ ഇന്നു ട്രാക്കിലെത്തും. ആദ്യ റൗണ്ടാണ് ഇന്ന്. 2 വീതം പുരുഷ, വനിതാ താരങ്ങളാണ് ഓരോ ടീമിലും ഉണ്ടാവുക. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മലയാളിതാരം വൈ.മുഹമ്മദ് അനസ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം 5–ാം സ്ഥാനത്തുണ്ട്.

പോളണ്ട്, ബഹ്റൈൻ, യുഎസ്, ഇറ്റലി ടീമുകളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. 2017ലെ ലോക റിലേ ചാംപ്യൻഷിപ്പിലാണ് മിക്സ്ഡ് റിലേ ആദ്യമായി സീനിയർ തലത്തിൽ പരീക്ഷിക്കുന്നത്. ബഹാമാസ് ആയിരുന്നു ആദ്യ ജേതാക്കൾ. ഈ വർഷത്തെ ലോക റിലേയിൽ യുഎസ് ഒന്നാമതെത്തി. കഴിഞ്ഞ ജക്കാർ‌ത്ത ഏഷ്യൻ ഗെയിംസിൽ ബഹ്റൈനു പിന്നിൽ ഇന്ത്യ വെള്ളി നേടിയിരുന്നു.

ചൂടറിയാൻ തെർമോമീറ്റർ ഗുളിക!

കത്തുന്ന ചൂട് അത്‍ലിറ്റുകളെ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാൻ മാരത്തൺ ഓട്ടക്കാർക്കും നടത്തക്കാർക്കും രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘പിൽ തെർമോമീറ്ററാ’ണിത്. ഇതു വിഴുങ്ങിയാൽ അത്‍ലിറ്റിന്റെ ശരീരം ചൂടിനോട് എങ്ങനെയാണു പ്രതികരിക്കുന്നതെന്നു ഗുളികയ്ക്കുള്ളിലുള്ള പ്രത്യേക ചിപ്പിലൂടെ പുറത്തറിയാം.

ഗുളികയിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം വൈദ്യസംഘത്തിന്റെ കയ്യിലുണ്ടാകും. വിഴുങ്ങി 2 മണിക്കൂർ കഴിയുമ്പോൾ ചിപ്പ് വിവരങ്ങൾ അയച്ചുതുടങ്ങും. 18 മുതൽ 30 മണിക്കൂർവരെ ശരീരത്തിനുള്ളിൽ തെർമോമീറ്റർ പ്രവർത്തിക്കും. പിന്നീട് വൻകുടലിലൂടെ പുറന്തള്ളപ്പെടും. ദോഹയിലെ പകൽച്ചൂട് 38 ഡിഗ്രി സെൽഷ്യസാണ്. അർധരാത്രിയിൽ ചൂട് 30 ഡിഗ്രി ആകുമ്പോഴാണു മാരത്തൺ, നടത്ത മത്സരങ്ങൾ നടത്തുന്നത്.