ഇന്ത്യയുടെ പി.വി.സിന്ധു ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പിൽ സെമിയിൽ കടന്ന് മെഡൽ ഉറപ്പിച്ചു. ചൈനയുടെ സുൻ യുവിനെ നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയാണ് സിന്ധു സെമി ഉറപ്പിച്ചത്. സ്കോർ: 21-14, 21-9.
ആദ്യ സെറ്റ് മികച്ച പോരാട്ടത്തിൽ കീഴടക്കിയ സിന്ധു രണ്ടാം സെറ്റ് എതിരാളിക്ക് ഒരവസരവും നൽകാതെ കീശയിലാക്കി സെമി ഉറപ്പിക്കുകയായിരുന്നു.
എന്നാൽ ചാമ്പ്യൻഷിപ്പിൽനിന്ന് കെ. ശ്രീകാന്ത് പുറത്തായി. ക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരം സൺ വാൻ ഹോയോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ദക്ഷിണ കൊറിയൻ താരം നേരിട്ടുള്ള ഗെയ്മുകൾക്കാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്കോർ: 14-21, 18-21. ഇന്ത്യൻ താരത്തിനെതിരെ വ്യക്തമായ ആധിപത്യം സ്ഥാപിച്ച സൺ വാൻ മത്സരം തീർക്കാൻ 49 മിനിറ്റുകളാണെടുത്തത്.
ആദ്യ ഗെയിമിൽ തുടക്കത്തിൽ തന്നെ സൺ വാൻ ലീഡ് എടുത്തു. 6-1 എന്ന സ്കോറിലിൽ ശ്രീകാന്ത് തിരിച്ചടിച്ചു. തുടർച്ചയായി നാല് പോയിന്റുകൾ സ്വന്തമാക്കിയ ശ്രീകാന്ത് സ്കോർ 8-8 ന് തുല്യതയിലെത്തിച്ചു. ഇതോടെ സൺ വാൻ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. 11-8 ന്റെ മുൻതൂക്കം നേടിയ ശേഷം ആദ്യ ബ്രെയ്ക്ക് എടുത്തു. പിന്നീട് കൊറിയൻ താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 14-21 ന് ആദ്യ ഗെയിം സ്വന്തമാക്കി.
എന്നാൽ രണ്ടാം ഗെയ്മിൽ ശ്രീകാന്ത് പൊരുതിയെങ്കിലും സൺ വാൻ ഇന്ത്യൻ താരത്തെ മുന്നോട്ടുപോകാൻ അനുവദിച്ചില്ല. ശ്രീകാന്തിനെതിരെ സൺ വാന്‍ നേടുന്ന അഞ്ചാമത്തെ വിജയമാണിത്.
Leave a Reply