ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ലോകരാജ്യങ്ങൾ . എന്നാൽ വൈറസ് ഭീഷണി പൂർണമായും എന്ന് തുടച്ചു മാറ്റപ്പെടുമെന്നത് ഇന്നും ആരോഗ്യമേഖലയിലെ വിദഗ്ധരുടെ ഉറക്കംകെടുത്തുന്ന ചോദ്യമാണ്. പ്രതിരോധ കുത്തിവയ്പ്പുകളുടെ കാര്യത്തിൽ സമ്പന്ന രാജ്യങ്ങൾ വളരെയേറെ മുന്നേറിയെങ്കിലും പല ദരിദ്ര രാജ്യങ്ങളുടെ അവസ്ഥ പരിതാപകരമാണ്.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ വാക്സിനേഷൻ വർധിപ്പിച്ചില്ലെങ്കിൽ പുതിയ കോവിഡ് വേരിയന്റുകളുടെ ആവിർഭാവം ലോകത്തെ മറ്റൊരു വൻ വൈറസ് പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ യുകെ പ്രധാനമന്ത്രിയായ ഗോർഡൻ ബ്രൗൺ . വ്യാഴാഴ്ച നടക്കുന്ന അന്താരാഷ്ട്ര കോവിഡ് ഉച്ചകോടിക്ക് മുമ്പായാണ് മുൻ യുകെ പ്രധാനമന്ത്രി തൻറെ അഭിപ്രായം ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത്. ആഗോളതലത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ, പരിശോധനകൾ, ചികിത്സകൾ എന്നിവയുടെ ചെലവ് സമ്പന്ന രാജ്യങ്ങൾ പങ്കിടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


യുഎസ് പ്രസിഡൻറ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ വെർച്വൽ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും . താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 11 ശതമാനം ജനങ്ങൾക്ക് മാത്രമേ പ്രതിരോധകുത്തിവയ്പ്പ് ലഭിച്ചിട്ടുള്ളു എന്ന കണക്കുകൾ പുറത്തു വന്നിരുന്നു. എന്നാൽ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ 70 ശതമാനം ജനങ്ങളിലേയ്ക്ക് വാക്സിനേഷൻ എത്തിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ ആരോഗ്യ ധനകാര്യ അംബാസിഡറായ ബ്രൗൺ പറഞ്ഞു.