സ്വന്തം ലേഖകൻ
പൂനെ : കൊറോണ വൈറസിനെ തുടച്ചുനീക്കാനായി ഒരു വാക്സിൻ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമത്തിലാണ് മിക്ക ലോകരാജ്യങ്ങളും. കൊറോണ വൈറസിനെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നതിന് ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് പറഞ്ഞിരുന്നു. ഇതിൽ ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും അന്താരാഷ്ട്ര അംഗീകാരമുള്ള സംയുക്ത വാക്സിൻ വികസന പരിപാടി നടത്തുന്നു. അതുവഴി ഡെങ്കി, എന്റർറ്റിക് രോഗങ്ങൾ, ഇൻഫ്ലുവൻസ, ടിബി എന്നിവ തടഞ്ഞുനിർത്തുന്നതിന് സാധിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകളും വാക്സിനുകളും നിർമ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. പോളിയോ, മെനിഞ്ചൈറ്റിസ്, ന്യുമോണിയ, റോട്ടവൈറസ്, ബിസിജി, മീസിൽസ്, മംപ്സ്, റുബെല്ല എന്നിവയ്‌ക്കെതിരായ വാക്‌സിൻ ഉണ്ടാക്കുന്ന അനേകം നിർമ്മാതാക്കൾ ഇവിടെയുണ്ട്. ഇപ്പോൾ അര ഡസൻ ഇന്ത്യൻ സ്ഥാപനങ്ങൾ കോവിഡ് -19 ന് കാരണമാകുന്ന വൈറസിനെതിരെ വാക്സിനുകൾ വികസിപ്പിക്കുന്നു.
അതിലൊന്നാണ് പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ആഗോളതലത്തിൽ ഉൽപാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡോസുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവ് കൂടിയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്. 53 വർഷം പഴക്കമുള്ള ഈ കമ്പനി പ്രതിവർഷം 1.5 ബില്യൺ ഡോസുകൾ ഉണ്ടാക്കുന്നു. 7,000 ത്തോളം ആളുകൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. 165 രാജ്യങ്ങളിലായി 20 ഓളം വാക്സിനുകൾ കമ്പനി വിതരണം ചെയ്യുന്നുമുണ്ട്. ഇപ്പോൾ ഒരു വാക്സിൻ ഉണ്ടാക്കിയെടുക്കാനായി അമേരിക്കൻ ബയോടെക് കമ്പനിയായ കോഡജെനിക്സുമായി ഈ കമ്പനി സഹകരിച്ചു. “ഈ വാക്സിൻ ഒരു കൂട്ടം മൃഗങ്ങളിൽ ഇപ്പോൾ പരീക്ഷിക്കാൻ ഞങ്ങൾ ആസൂത്രണം ചെയ്യുന്നു. സെപ്റ്റംബറോടെ നമുക്ക് മനുഷ്യനിൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ കഴിയണം” ; സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദർ പൂനവല്ല ബിബിസിയോട് പറഞ്ഞു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുക്കുന്നതും യുകെ സർക്കാരിന്റെ പിന്തുണയുള്ളതുമായ ഒരു വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് പൂനവല്ലയുടെ കമ്പനി പങ്കാളികളായിട്ടുണ്ട്.
ഓക്സ്ഫോർഡിൽ വാക്സിൻ പരീക്ഷണങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. എല്ലാം നല്ല രീതിയിൽ നടക്കുന്നുവെങ്കിൽ, സെപ്റ്റംമ്പറോടെ കുറഞ്ഞത് ഒരു ദശലക്ഷം ഡോസുകൾ നൽകാമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. മറ്റു ഇന്ത്യൻ കമ്പനികളും യുഎസ് ആസ്ഥാനമായുള്ള കമ്പനികളുമായി വാക്സിൻ നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്. ആഗോളതലത്തിൽ മരണസംഖ്യ രണ്ട് ലക്ഷം കടന്നത് ആശങ്കാജനകമാണ്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പത്തു ലക്ഷം കടന്നു. ലോകത്താകെ 30 ലക്ഷത്തിലധികം രോഗികളാണ് ഉള്ളത്. ബ്രിട്ടനിൽ രോഗികളുടെ എണ്ണം 157,149 ആയി ഉയർന്നു. 21,092 മരണങ്ങളും ഇതുവരെ ഉണ്ടായിക്കഴിഞ്ഞു. ഇന്നലെ 360 മരണങ്ങൾ മാത്രമാണ് ഉണ്ടായതെന്ന കണക്ക് ബ്രിട്ടന് ആശ്വാസം പകരുന്നു.
Leave a Reply