ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യമല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 104 റണ്‍സിന്‍റെ മികച്ച വിജയം. ഇംഗ്ലണ്ടിന്‍റെ 312 റണ്‍സ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 207 റണ്‍സിന് പുറത്തായി. ക്വിന്‍റന്‍ ഡികോക്കും, വാന്‍ഡര്‍ ഡുസനും ദക്ഷിണാഫ്രിക്കയ്ക്കായി അര്‍ധസെഞ്ചുറി നേടി. ഇംഗ്ളണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് തുടക്കത്തിലേറ്റത്. ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ തന്നെ സൂപ്പർ ഓപ്പണർ ജോണി ബെയർസ്റ്റോ പുറത്ത്. അപ്രതീക്ഷിതമായി ആദ്യ ഓവർ എറഞ്ഞ ഇമ്രാൻ താഹറിനായിരുന്നു വിക്കറ്റ്. സ്കോർ അപ്പോൾ ഒര റൺ മാത്രമായിരുന്നു. എന്നാൽ അപ്രതിക്ഷിത അടിയിൽ പകച്ചുപോകാതെ ഇംഗ്ലണ്ട് നിലയുറപ്പിച്ചു.
ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിക്ക് 11 റൺസ് മാത്രം അകലെ വീണുപോയ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 79 പന്തിൽ ഒൻപതു ബൗണ്ടറി സഹിതം 89 റൺസെടുത്ത സ്റ്റോക്സ് 49–ാം ഓവറിലാണ് പുറത്തായത്. ഓപ്പണർ ജേസൺ റോയി (53 പന്തിൽ 54), ജോ റൂട്ട് (59 പന്തിൽ 51), 200–ാം ഏകദിനം കളിക്കുന്ന ക്യാപ്റ്റൻ ഒയിൻ മോർഗൻ (60 പന്തിൽ 57) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ അർധസെഞ്ചുറി കടന്ന മറ്റു താരങ്ങൾ.
രണ്ടാം വിക്കറ്റിൽ ജേസൺ റോയി – ജോ റൂട്ട് സഖ്യവും (107), നാലാം വിക്കറ്റിൽ ഒയിൻ മോർഗൻ – ബെൻ സ്റ്റോക്സ് സഖ്യവും (106) സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ലുൻഗി എൻഗിഡി 10 ഓവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇമ്രാൻ താഹിർ 10 ഓവറിൽ 61 റൺസ് വഴങ്ങിയും കഗിസോ റബാദ 10 ഓവറിൽ 66 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ആൻഡിൽ ഫെലൂക്‌വായോ ഒരു വിക്കറ്റ് നേടി.
Leave a Reply