ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മൽസരത്തിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ശ്രീലങ്ക. ശ്രീലങ്ക ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 47 ഓവറിൽ 212 റൺസെടുക്കാനേ സാധിച്ചുള്ളു. ലങ്കൻ ജയം 20 റൺസിന്. അർധസെഞ്ചുറി നേടിയ ബെൻ സ്റ്റോക്സ് (84 പന്തിൽ 73), ജോറൂട്ട് (89 പന്തിൽ 57) എന്നിവർക്കല്ലാതെ മറ്റാർക്കും ഇംഗ്ലിഷ് നിരയില്‍ തിളങ്ങാനായില്ല. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ ലങ്കൻ ബോളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ നാല് വിക്കറ്റുകൾ വീഴ്ത്തി. ധനഞ്ജയ ഡിസിൽവ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി.
5ന് 144 എന്ന നിലയിൽ നിന്ന് 68 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകളാണു നഷ്ടപ്പെട്ടത്. ജയിംസ് വിൻസ് (18 പന്തിൽ 14), ജോണി ബെയർസ്റ്റോ (പൂജ്യം), ക്യാപ്റ്റൻ ഒയിൻ മോർഗന്‍ (35 പന്തിൽ 21), ജോസ് ബട്‍ലർ (9 പന്തിൽ 10), മൊയീൻ അലി (20 പന്തിൽ 16), ക്രിസ് വോക്സ് (4 പന്തിൽ 2), ആദിൽ റാഷിദ് (2 പന്തിൽ 1), ജോഫ്ര ആർച്ചർ (11 പന്തിൽ 3), മാർക് വുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഇംഗ്ലിഷ് താരങ്ങളുടെ സ്കോറുകൾ. ലങ്കൻ ബോളർമാരില്‍ ഇസുരു ഉഡാന രണ്ടും നുവാൻ പ്രദീപ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തില്‍ 232 റൺസെടുത്തു. അർധസെഞ്ചുറിയുമായി എയ്ഞ്ചലോ മാത്യൂസ് (115 പന്തിൽ 85) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ദിമുത് കരുണരത്നെ (ഒന്ന്), കുശാൽ പെരേര (രണ്ട്), അവിഷ്ക ഫെർണാണ്ടോ (39 പന്തിൽ 49), കുശാൽ മെൻഡിസ് (68 പന്തിൽ 46), ജീവൻ മെൻഡിസ് (പൂജ്യം), ധനഞ്ജയ ഡിസിൽവ (47 പന്തിൽ 29), തിസാര പെരേര (രണ്ട്), ഇസുരു ഉഡാന (ആറ്), ലസിത് മലിംഗ (ഒന്ന്) എന്നിങ്ങനെയാണു പുറത്തായ ലങ്കൻ താരങ്ങളുടെ സ്കോറുകൾ. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദിൽ റാഷിദ് രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി
Leave a Reply